മനാമ > ആറാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോ ബുധനാഴ്ച സാഖിര്‍ എയര്‍ബേസില്‍ ആരംഭിക്കും. മധ്യ പൗരസ്ത്യ ദേശത്ത് വിമാനങ്ങളുടെ ഏറ്റവും മികച്ച പ്രദര്‍ശനങ്ങളിലൊന്ന് കാണാനുള്ള അവസരമാണ് മൂന്നു ദിവസത്തെ എയര്‍ ഷോ ഒരുക്കുക. ആകാശ വിസ്മയത്തില്‍ വ്യോമാഭ്യാസ പ്രദര്‍ശന ടീമുകള്‍, സൈനിക വിമാനങ്ങള്‍, ചരിത്ര, ആധുനിക വിമാനങ്ങള്‍ തുടങ്ങിയവ അണിനിരക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 100 സൈനിക, സൈനികേതര പ്രതിനിധി സംഘങ്ങള്‍ മൂന്നു ദിവസത്തെ എയര്‍ഷോയില്‍ പങ്കെടുക്കും.
14,000 ചതുരശ്ര മീറ്റര്‍ പ്രദേശത്ത് നടക്കുന്ന ഷോയില്‍ വ്യോമയാന രംഗത്തെ 120 ഓളം കമ്പനികള്‍ പങ്കെടുക്കും. ബഹ്റൈന്‍ പുറമെ, അഞ്ച് രാജ്യങ്ങളുടെ പവലിയനുകളുമുണ്ടാകും. മേഖലയിലെ വ്യോമയാന രംഗത്തെ പ്രമുഖ കമ്പനികളെ പരിചയപ്പെടുത്തുന്നതിനുള്ള അവസരമാണ് എയര്ഷോ ഒരുക്കുന്നത്. സൗദിയില്‍നിന്നും യുഎഇയില്‍നിന്നുമുള്ള നിരവധി കമ്പനികളും പങ്കെടുക്കും.
എയര്‍ ഷോക്ക് എല്ലാ ഒരുക്കവും പൂര്‍ത്തിയാതായി സംഘാടകര്‍ അറിയിച്ചു. കുടുംബങ്ങളുമായെത്തി എയര്ഷോ ആസ്വദിക്കുന്നതിന് ഫാമിലി ഏരിയ ടിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ഒരുക്കി. അവിടെനിന്ന് ഷട്ടില്‍ ബസുകളില്‍ എയര്ഷോ നടക്കുന്ന സ്ഥലത്ത് എത്തിക്കും.
ഫാമിലി ഏരിയ സോണ്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കും. വ്യോമാഭ്യാസ പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്നതിനൊപ്പം, ഹെറിറ്റേജ് വില്ലേജ്, ലൈവ് സംഗീത പരിപാടി, ഫുഡ് ഫെസ്റ്റിവല്‍, റൈഡുകള്‍ തുടങ്ങിയവയെല്ലാം ഫാമിലി ഏരിയയില്‍ ഒരുക്കിയിട്ടുണ്ട്.
ബഹ്റൈനിലെ നാടന്‍ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കുട്ടികള്‍ക്കായി ഫേസ് പെയിന്റിങ്, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗെയിമുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും എയര്‍ഷോയുടെ ഭാഗമായുണ്ട്.