തിരുവനന്തപുരം
വാർത്താസമ്മേളനത്തിലേക്ക് ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവർത്തകരെ ‘ഗെറ്റൗട്ട്’ ആക്രോശത്തിലൂടെ പിടിച്ചുപുറത്താക്കിയ ഗവർണറുടെ നടപടിയെ ലഘൂകരിച്ച് ഒരുവിഭാഗം മാധ്യമങ്ങൾ. കൈരളി, മീഡിയ വൺ ലേഖകരെ എറണാകുളം ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവത്തിൽ കേരള സമൂഹമാകെ പ്രതിഷേധമുയർന്നപ്പോൾ ഒരുവിഭാഗം മാധ്യമങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിച്ചത്. പരിഷ്കൃത സമൂഹത്തിന് തികച്ചും അപമാനകരമായ ഈ സംഭവത്തെ മുമ്പ് മുഖ്യമന്ത്രിയിൽനിന്നുണ്ടായ ഒരു പരാമർശവുമായി കൂട്ടിക്കലർത്തിയാണ് ചില മാധ്യമങ്ങൾ അവതരിപ്പിച്ചത്.
നേരത്തെ മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായ സാഹചര്യം എന്തെന്ന് പറയാതെയാണ് വാർത്തയെഴുത്തും സംപ്രേഷണവും. രണ്ടു സംഘടന തമ്മിലുള്ള സംഘർഷവിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച തീരുമാനിച്ചു. അതിലേക്ക് ഔദ്യോഗികമോ, അനൗദ്യോഗികമോ ആയി മാധ്യമപ്രവർത്തകർക്ക് ക്ഷണമൊന്നും ഉണ്ടായിരുന്നില്ല. തികച്ചും സ്വകാര്യമായ പരിപാടിയിലേക്ക് ഫോട്ടോഗ്രാഫർമാരും ക്യാമറാമാൻമാരും ഇടിച്ചുകയറി. ആവശ്യത്തിന് ചിത്രങ്ങളും ദൃശ്യങ്ങളും ഉറപ്പാക്കിയശേഷവും അവർ അവിടെത്തന്നെ തുടർന്നു. അധികൃതർ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും പുറത്തിറങ്ങിയില്ല. ചർച്ച തുടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ സഹികെട്ടാണ് മുഖ്യമന്ത്രി പുറത്തുപോകാൻ തള്ളിക്കയറിയ മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. ഇതിനെയാണ് രണ്ടാംതവണയും ഒരുവിഭാഗം മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് പടിക്കുപുറത്താക്കിയ ഗവർണറുടെ നടപടിയുമായി താരതമ്യപ്പെടുത്താൻ ചില മാധ്യമങ്ങൾ വെമ്പൽകൊള്ളുന്നത്. പൊതുവിൽ കേരളത്തിലെ മാധ്യമങ്ങൾക്ക് ഗവർണറോടുള്ള ഉദാര സമീപനത്തിന്റെ തുടർച്ചയാണ് ഇപ്പോഴുള്ള പ്രീണന നയവും. വടക്കേ ഇന്ത്യയിലെ ഫ്യൂഡൽ പ്രമാണിയെപ്പോലെ ആക്രോശിക്കുകയും വഷളത്തരങ്ങൾ വിളിച്ചുകൂവുകയുമായിരുന്ന ഗവർണറെ തള്ളിപ്പറയാതെയുള്ള ഇരുട്ടാക്കൽ.
മന്ത്രിയിൻമേലുള്ള പ്രീതി പ്രശ്നം, വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെടൽ, കേരള സർവകലാശാലയിൽ ക്രമവിരുദ്ധമായി വിസി ചുമതല കൈമാറൽ തുടങ്ങിയവയിലെല്ലാം ഇത്തരം മാധ്യമങ്ങൾ ഗവർണറെ വെള്ളപൂശുന്ന സമീപനമാണ് കൈക്കൊണ്ടത്. അത്തരം നടപടികളിലെ ജനാധിപത്യവിരുദ്ധതയും ഏകാധിപത്യശൈലിയും ഭരണഘടനാ വിരുദ്ധതയും തുറന്നുകാണിച്ചതാണ് ഗവർണർക്ക് കൈരളിയോടും മീഡിയ വണിനോടും ഈർഷ്യയുണ്ടാകാൻ കാരണം. മന്ത്രിയുടെ പ്രീതി പിൻവലിക്കൽ പ്രശ്നത്തിൽ ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ച് ദേശീയ പത്രങ്ങൾ മുഖപ്രസംഗം എഴുതി. കേരളത്തിൽ ദേശാഭിമാനിയും ജനയുഗവും ഒഴികെ മറ്റൊരു പത്രവും എതിർത്ത് ഒരു വാക്ക് എഴുതിയില്ല എന്നതും ശ്രദ്ധേയമാണ്.