മോസ്കോ
ഉക്രയ്നിൽ റഷ്യയുടെ സൈനിക നടപടി തുടരവെ ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കർ മോസ്കോയിൽ. റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. റഷ്യയുമായി ശക്തവും സുദീർഘവുമായ ബന്ധമാണ് ഇന്ത്യക്കുള്ളതെന്ന് ജയ്ശങ്കർ പറഞ്ഞു. ഉക്രയ്നിലെ സൈനിക നടപടി ആരംഭിച്ചതിനുശേഷം നാലാംതവണയാണ് ഇരുവരും കാണുന്നതെങ്കിലും റഷ്യയിലെത്തിയുള്ള സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ സൈനിക നടപടിയെ യുഎന്നില്‍ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല.
ലോകസാഹചര്യങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഏഷ്യൻ മേഖലയെക്കുറിച്ചുമാണ് ചർച്ച ചെയ്തതെന്ന് ജയ്ശങ്കർ പറഞ്ഞു. ‘ഇരു രാജ്യത്തിന്റെയും ബന്ധം ശക്തമാക്കുകയും ലോകസാഹചര്യത്തിൽ അത് വിലയിരുത്തുകയുമാണ് ഞങ്ങൾ. പരസ്പരം പ്രയോജനപ്പെടുന്നതും ദീർഘകാലം തുടരുന്നതുമായ ഉഭയകക്ഷി ബന്ധം രൂപപ്പെടുത്തുകയാണ് ലക്ഷ്യം’–- ജയ്ശങ്കർ പറഞ്ഞു. ഉക്രയ്ൻ സംഘർഷം സമ്പദ്വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതം മാത്രമാണ് പരിശോധിക്കുന്നതെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന ദാതാവാണ് റഷ്യ. കുറഞ്ഞ നിരക്കിലാണ് റഷ്യ ഇന്ത്യയ്ക്ക് ഇന്ധനം ലഭ്യമാക്കുന്നത്. റഷ്യയുമായുള്ള ഇടപാടിലൂടെ കുറഞ്ഞ നിരക്കില്‍ ഇന്ധനം രാജ്യത്ത് ലഭ്യമാക്കുക എന്ന അടിസ്ഥാന കടമയാണ് നിറവേറ്റുന്നതെന്ന് ജയ്ശങ്കർ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉക്രയ്ൻ സംഘർഷത്തിൽ പക്ഷം ചേരാത്ത ഇന്ത്യ പ്രശ്നപരിഹാരത്തിന് മാധ്യസ്ഥ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.