ന്യൂഡൽഹി
ദേശീയ പൗരത്വ രജിസ്റ്റർ (എൻപിആർ) പുതുക്കുകയെന്ന സംഘപരിവാർ അജൻഡ വീണ്ടും പൊടിതട്ടിയെടുത്ത് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021–-22 വർഷത്തെ വാർഷിക റിപ്പോർട്ടിൽ എൻപിആർ പുതുക്കാനുള്ള നിർദേശം ഉൾപ്പെടുത്തി. അസം ഒഴികെ രാജ്യത്തെങ്ങും എൻപിആർ പുതുക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ രജിസ്റ്റർ (എൻആർസി) തയ്യാറാക്കാനുള്ള സംഘപരിവാർ അജൻഡയ്ക്ക് മുന്നോടിയായാണ് എൻപിആർ പുതുക്കൽ. അയൽരാജ്യങ്ങളിൽനിന്ന് കുടിയേറി എത്തുന്ന മുസ്ലിങ്ങൾ ഒഴികെയുള്ള മതവിഭാഗക്കാർക്ക് പൗരത്വം അനുവദിക്കുമെന്നതാണ് വിവാദ ഭേദഗതി.
അസമിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ ബിജെപി സർക്കാർ എൻആർസി നടപ്പാക്കി. 19 ലക്ഷത്തോളം പേരെയാണ് രേഖകളില്ലെന്നപേരില് പൗരത്വ പട്ടികയിൽനിന്ന് പുറത്താക്കിയത്. ഇതിൽ ഭൂരിപക്ഷവും ന്യൂനപക്ഷ വിഭാഗക്കാരാണ്. അതിൽ 70 ശതമാനവും സ്ത്രീകളും.
എൻആർസി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് പാർലമെന്റിലും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അസമിലെ അനുഭവമാകും രാജ്യത്താകെ സംഭവിക്കുക. കോവിഡിന്റെ പേരുപറഞ്ഞ് 2021 ലെ സെൻസസ് വിവരശേഖരണം നീട്ടി കൊണ്ടുപോകുന്നത് എൻപിആർ പുതുക്കൽ ആദ്യം നടപ്പാക്കാനെന്നും വിമർശമുണ്ട്.
എൻപിആർ ആദ്യമായി തയ്യാറാക്കിയത് യുപിഎ കാലത്ത് 2010 ലാണ്. പിന്നീട് 2015 ൽ എൻഡിഎ സർക്കാർ പുതുക്കി. ജനനം, മരണം, കുടിയേറ്റം എന്നീ കാരണങ്ങളാൽ വന്നിട്ടുള്ള മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിനാണ് എൻപിആർ പുതുക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു. പൗരത്വ നിയമപ്രകാരം 2021 ഏപ്രിൽ–- ഡിസംബർ കാലയളവിൽ 1414 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
എൻപിആർ, സെൻസസ് പോർട്ടലുകൾ
കേന്ദ്രം സംരക്ഷിതമായി പ്രഖ്യാപിച്ചു
എൻപിആർ, സെൻസസ്, സിവിൽ രജിസ്ട്രേഷൻ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട കംപ്യൂട്ടർ സംവിധാനങ്ങളും ശേഖരിക്കപ്പെട്ട വിവരങ്ങളും ‘സംരക്ഷിത സംവിധാനങ്ങളാ’യി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നവംബർ നാലിന് പുറത്തിറക്കിയ പ്രത്യേക ഗസറ്റ് വിജ്ഞപനത്തിലൂടെയാണ് ഡൽഹിയിലെ നാഷണൽ ഡാറ്റാ സെന്റർ, ഒആർജിഐ, ബംഗളൂരുവിലെ ഡിസാസ്റ്റർ റിക്കവറി സൈറ്റ്, ഡാറ്റാ സെന്റർ എന്നിവിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സെൻസസ് മോണിറ്ററിങ് വെബ്പോർട്ടൽ, സെൽഫ് എന്യൂമറേഷൻ പോർട്ടൽ, സിവിൽ രജിസ്ട്രേഷൻ പോർട്ടൽ, വിവിധ മൊബൈൽ ആപ്പുകൾ എന്നിവയെ കേന്ദ്രം സംരക്ഷിതമായി പ്രഖ്യാപിച്ചത്.
അടുത്ത സെൻസസിൽ വിവരശേഖരണം ഡിജിറ്റലായിട്ടായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വാർഷിക റിപ്പോർട്ടിൽ അറിയിച്ചു. സെൻസസ് കണക്കെടുപ്പിന് വരുന്നയാൾ മൊബൈലിൽ പ്രത്യേക ആപ്പിൽ വിവരശേഖരണം നടത്തും. ഇന്റർനെറ്റ് ലഭ്യമല്ലാത്ത ഇടങ്ങളിൽ കടലാസിൽത്തന്നെയാകും വിവരശേഖരണം. ഓൺലൈനിലൂടെ സ്വന്തമായി വിവരങ്ങൾ സമർപ്പിക്കാനുള്ള അവസരവുമുണ്ടാകും.