തൃശൂർ
ആരോഗ്യ ശാസ്ത്ര സർവകലാശാലാ വിസിയായി ഡോ.മോഹനൻ കുന്നുമ്മലിനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർമെഡിക്കൽകോളേജ് പ്രിൻസിപ്പാളായിരുന്ന ഡോ. കെ പ്രവീൺലാൽ ഗവർണർക്ക് കത്തയച്ചു. സെർച്ച് കമ്മിറ്റിയുടെ പാനലിൽ ഏറ്റവും യോഗ്യത കുറഞ്ഞയാളെയാണ് വിസിയാക്കിയത്. ഡോ . കെ പ്രവീൺലാലും വിസി പാനലിൽ ഉൾപ്പെട്ടിരുന്നു. 2018ലെ യുജിസി വ്യവസ്ഥയനുസരിച്ച് വിസിയായി തെരഞ്ഞെടുക്കുന്നയാൾ അറിയപ്പെടുന്ന അക്കാദമിഷ്യനും പത്തു വർഷത്തിലേറെ പ്രൊഫസറുമായിരിക്കണം. അപേക്ഷകരുടെ അക്കാദമിക് മികവ്, വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള അറിവ്, അക്കാദമിക് ഭരണ രംഗത്തുള്ള പരിചയം എന്നിവക്ക് കൃത്യമായ വെയ്റ്റേജ് നൽകണം.
ആരോഗ്യ സർവകലാശാലാ വിസി നിയമനത്തിൽ അപേക്ഷകരുടെ കഴിവുകളുടെ ഘടകങ്ങൾക്ക് വെയ്റ്റേജ് നൽകിയില്ല. ഡോ. മോഹനൻ കുന്നുമ്മലിന് അക്കാദമിക് പ്രവർത്തനങ്ങളുടെ അഭാവത്താൽ വിലയിരുത്തൽ നൽകിയിട്ടില്ല. ഈ കാരണംകൊണ്ടുതന്നെ യുജിസി നിബന്ധനപ്രകാരം വിസി സ്ഥാനത്തേക്ക് പരിഗണിക്കാൻ അർഹനല്ല. വിലയിരുത്തലിൽ ഡോ. പ്രവീൺലാലിന്റേത് മികച്ചത് എന്നാണ് രേഖപ്പെടുത്തിയത്.
ഡോ. മോഹനൻ കുന്നുമ്മലിന് ഒരു ബിരുദാനന്തര ബിരുദമാണുള്ളത്. 24 വർഷത്തെ അധ്യാപന പരിചയത്തിൽ പത്തുവർഷവും ഒരു മാസവുമാണ് പ്രൊഫസർ സ്ഥാനം. എട്ടു മാസത്തെ പ്രിൻസിപ്പൽ സ്ഥാനവുംമാത്രം. എന്നാൽ ഡോ. പ്രവീൺലാലിന് എംഡിക്ക് പുറമെ മൂന്ന് ബിരുദാനന്തര ബിരുദമുണ്ട്. 32 വർഷത്തെ അധ്യാപനപരിചയവും. 20 വർഷം പ്രൊഫസറും എട്ടുവർഷം പ്രിൻസിപ്പലുമായിരുന്നു. ഡോ. രാമൻകുട്ടിക്ക് എംഡിക്ക് പുറമെ എംഫിൽ, എംപിഎച്ച് എന്നിവയുണ്ട്. 15 വർഷം അധ്യാപന പരിചയവും. 12 വർഷം പ്രൊഫസറുമായി.
ഡോ. മോഹനന് പ്രസിദ്ധീകരിക്കപ്പെട്ട 11 ഗവേഷണ പ്രബന്ധങ്ങളാണുള്ളത്. മറ്റു പ്രസിദ്ധീകരണങ്ങളിൽ ഉദ്ധരിക്കപ്പെട്ടതിന്റെ (സൈറ്റേഷൻ) കണക്ക് അന്നുവരെയില്ല. ഡോ. പ്രവീൺലാലിന് 1255 സൈറ്റേഷനുകളുള്ള 86 പ്രബന്ധങ്ങൾ അപേക്ഷ സമർപ്പിക്കുന്ന സമയത്തുണ്ടായിരുന്നു. അഞ്ച് ഗവേഷണ പ്രോജക്ടുകളും അപേക്ഷയിലുണ്ട്. ഡോ. രാമൻകുട്ടിക്ക് 75 പ്രബന്ധങ്ങളും അഞ്ച് ഗവേഷണ പ്രോജക്ടുകളുമുണ്ട്.