വേനൽകാലത്തേക്ക് കടക്കുമ്പോൾ കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ്റ് പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.
ഓസ്ട്രേലിയയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും മറ്റൊരു തരംഗത്തെ പ്രതിരോധിക്കാൻ തയ്യാറെടുപ്പുകൾ വേണ്ടി വരുമെന്നുമാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കേണ്ട ആവശ്യമില്ലെന്നാണ് വിലയിരുത്തൽ.
അടിസ്ഥാന പ്രതിരോധ നടപടികളും ശരിയായ സമയത്ത് വാക്സിൻ സ്വീകരിക്കുന്നതും തുടരുന്നത് പ്രധാനപ്പെട്ട കാര്യമായിരിക്കുമെന്നും പകർച്ചവ്യാധി വിദഗ്ദ്ധയും ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റുമായ അസ്സോസിയേറ്റ് പ്രൊഫസർ പോൾ ഗ്രിഫിൻ ചൂണ്ടിക്കാട്ടി.
പുതിയ തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നിരവധിപ്പേർക്ക് ആവർത്തിച്ചുള്ള രോഗബാധയ്ക്ക് സാധ്യതയുള്ളതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഓസ്ട്രേലിയയിലെ പ്രായപൂർത്തിയായവരിൽ മൂന്നിൽ രണ്ട് പേർക്കും കൊവിഡ് വന്നതായാണ് പുതിയ സർവേയുടെ വെളിപ്പെടുത്തൽ.
19 വയസും താഴെയും പ്രായമുള്ള വിഭാഗത്തിൽ 64 ശതമാനം പേർക്കും രോഗം ബാധിച്ചതായും സർവേ ചൂണ്ടിക്കാട്ടുന്നു.
പുതിയ ഉപവകഭേദങ്ങളെക്കുറിച്ച് ഒക്ടോബർ 27ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഒമിക്രോൺ തന്നെയാണ് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഓരോ സമൂഹത്തിന്റെയും പ്രതിരോധ ശേഷിയും പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ വ്യത്യസ്തമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
കടപ്പാട്: SBS മലയാളം