റിയാദ് > സൗദിയിൽ പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ എല്ലാവരോടും മാസ്ക് ധരിക്കാൻ സൗദി ആരോഗ്യമന്ത്രാലയം നിർദേശിച്ചു. സീസണൽ ഇൻഫ്ലുവൻസ ബാധിച്ചവർ മാസ്ക് ധരിക്കേണ്ടത് പ്രധാനമാണ്. “നിങ്ങൾക്ക് സീസണൽ ഇൻഫ്ലുവൻസ ഉണ്ടെങ്കിൽ, “നിങ്ങളുടെ കണ്ണുകൾ മതി”, നിങ്ങളുടെ ചുറ്റുമുള്ളവരെ സംരക്ഷിക്കാൻ നിങ്ങൾ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കുക’ എന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഇൻഫോഗ്രാഫിക്കിൽ പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് പുറമേ ആളുകൾ അവരുടെ കണ്ണുകളും വായും നേരിട്ട് തൊടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പറഞ്ഞു. എല്ലാ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയും കൈ കഴുകുകയും, തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുകയും ചെയ്യണം. വിറയലും, ശരീരം വിയർക്കലും, 38 ഡിഗ്രിയിൽ കൂടുതലുള്ള ഉയർന്ന താപനിലയുമാണ് പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ എന്ന് മന്ത്രാലയം വെളിപ്പെടുത്തി. ഇത് കൂടാതെ പേശി വേദന, തലവേദന, തൊണ്ട വേദന, തുടർച്ചയായ ചുമ, വരൾച്ച, മൂക്കൊലിപ്പ് എന്നിവയും ഉണ്ടാകും.
പകർച്ചപ്പനിക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങൾ വാക്സിനേഷൻ സ്വീകരിക്കണം. . 5 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രമേഹം, നെഞ്ച് രോഗങ്ങൾ (ആസ്തമ), ഹൃദ്രോഗം തുടങ്ങിയവയുള്ളവർ എന്നിവർക്കാണ് പനി ബാധിക്കാൻ സാധ്യത കൂടുതൽ. സീസണൽ ഇൻഫ്ലുവൻസയ്ക്കെതിരെ വാക്സിനേഷൻ നൽകുന്നതിന് ആരോഗ്യ മന്ത്രാലയം ബോധവൽക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ, രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന വിഭാഗങ്ങളെയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. വാക്സിനേഷൻ സുരക്ഷിതമാണെന്നും പാർശ്വഫലങ്ങളില്ലെന്നും സ്ഥിരീകരിക്കുന്നതായും മന്ത്രാലയം അറിയിച്ചു.