മനാമ> എല്ലാ കോവിഡ് നിയന്ത്രണങ്ങളും യുഎഇ ഒഴിവാക്കി. തുറസ്സായ സ്ഥലങ്ങളിലും മസ്ജിദുകളും ആരാധനാലയങ്ങളും ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്കകത്തും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമല്ല. പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് ആവശ്യമില്ല. തീരുമാനം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
ഭിന്നശേഷിക്കാരും വൈകല്യമുള്ളവരും ആശുപത്രികളില്‍ മാസ്ക് ധരിച്ചിരിക്കണം. കൂടാതെ കോവിഡ് ബാധിച്ചവര്‍ക്കുള്ള അഞ്ച് ദിവസത്തെ സമ്പര്‍ക്ക വിലക്കും തുടരും.വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളും രാജ്യത്തിനകത്തും പുറത്തുമുള്ള പിസിആര്‍ പരിശോധനകളുടെ ഫലങ്ങളും ആവശ്യപ്പെടുന്ന പക്ഷം കാണിക്കാന്‍ മാത്രമേ അല്‍ ഹോസ്ന്‍ ആപ്പ് ഉപയോഗിക്കൂ.
അതേസമയം, പിസിആര്‍ പരിശോധനയും കോവിഡ് ചികിത്സാ ആരോഗ്യ സൗകര്യങ്ങളും പ്രവര്‍ത്തിക്കുന്നത് തുടരും. കായിക മേളകള്‍ക്ക് അവയുടെ കോവിഡ് പരിശോധനയേതാ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ അഭ്യര്‍ത്ഥിക്കാമെന്നും അവര്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പാശ്ചാത്തലത്തിലാണ് തീരുമാനം.
പൊതു സ്ഥലങ്ങളിലും സ്കൂളുകളിലും മാസ്കുകള്‍ കഴിഞ്ഞ സെപ്തംബര്‍ 28 മുതല്‍ ഐഛികമായിരുന്നു. എന്നാല്‍ ആശുപത്രികള്‍, പള്ളികള്‍, പൊതുഗതാഗതം എന്നിവയില്‍ മാസ്ക് നിര്‍ബന്ധമായിരുന്നു. വിമാനക്കമ്പനികള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയില്‍ മാസ്കില്‍ തീരുമാനമെടുക്കാം.
2020 ജനുവരി 29 നാണ് യുഎഇയല്‍ ആദ്യ കോവിഡ് കേസ് കണ്ടെത്തിയത്.