മെല്‍ബണ്‍: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ സംഗീതം കൊണ്ട് ആവേശത്തിലാഴ്ത്താന്‍ ഒരുങ്ങുകയാണ് ഓസ്ട്രേലിയന്‍ മലയാളികളുടെ പ്രിയ ഗായികയായ ജാനകി ഈശ്വര്‍.
ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ ഫൈനല്‍ ദിനത്തില്‍ അരങ്ങേറുന്ന സംഗീതവിരുന്നില്‍ ഈ മലയാളി പെണ്‍കുട്ടിയും പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. ലോകമെമ്പാടുമുള്ള മലയാളികളെ ആനന്ദത്തിലാക്കുന്നതാണ് ജാനകിയുടെ ഈ നേട്ടം.
ഫൈനല്‍ ദിനത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന സംഗീത പരിപാടിയിലാണ് ജാനകിയും പങ്കെടുക്കുന്നത്. പ്രശസ്ത ഓസ്ട്രേലിയന്‍ ബാന്‍ഡ് ആയ ഐസ്ഹൗസിനൊപ്പമാണ് ജാനകിയും സംഗീതവിരുന്നിന്റെ ഭാഗമാകുന്നത്.
ഓസ്ട്രേലിയന്‍ മ്യൂസിക് റിയാലിറ്റി ഷോ ദ വോയ്സിലൂടെ ഓസ്ട്രേലിയയില്‍ പ്രശസ്തയാണ് ജാനകി. നേരത്തെതന്നെ പല സംഗീത പരിപാടികളിലൂടെയും ശ്രദ്ധ നേടിയ ജാനകി ഇതാദ്യമായാണ് ഇത്രയും വലിയൊരു ഇവന്റിനായി ക്ഷണിക്കപ്പെടുന്നത്. അതിന്റെ സന്തോഷത്തിലാണ് ജാനകിയുടെ കുടുംബം.
ടി20യിലെ സംഗീത വിരുന്നില്‍ പങ്കെടുക്കുന്നുണ്ടെന്നും താന്‍ ആവേശഭരിതയാണെന്നും ജാനകി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കോഴിക്കോട് സ്വദേശികളായ അനൂപ് ദിവാകരന്റേയും ദിവ്യയുടേയും മകളായ ജാനകി ഈശ്വര്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. കര്‍ണാടക സംഗീതം, ഗിറ്റാര്‍, വയലിന്‍ തുടങ്ങിയവയില്‍ ജാനകിക്കു പ്രാവീണ്യമുണ്ട്.
ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ശ്രദ്ധേയനായ ഗായകന്‍ അരുണ്‍ഗോപന്റെ സഹോദരന്റെ മകളാണ്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങള്‍ ആലപിച്ച ജാനകിയുടെ യൂട്യൂബ് ചാനലിന് ലോകമെങ്ങും ആരാധകരുണ്ട്.
2007ലാണ് അനൂപും ദിവ്യയും ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കുന്നത്. മെല്‍ബണിലാണ് കുടുംബം താമസിക്കുന്നത്.
ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയില്‍ ആണെങ്കിലും മലയാളം വളരെ മനോഹരമായി സംസാരിക്കാനും പാടാനും മകളെ പഠിപ്പിച്ചിട്ടുണ്ട്.
ലോകകപ്പ് ഫൈനലിലെ സംഗീത വിരുന്നിന്റെ ഭാഗമാകാന്‍ ജാനകിക്ക് സാധിച്ചത് മലയാളികളെ സംബന്ധിച്ച് അത്രയേറെ അഭിമാനകരമാണ്. ഫൈനലില്‍ ഇന്ത്യ കളിക്കുകകൂടി ചെയ്യുകയാണെങ്കില്‍ അത് ഇരട്ടിമധുരമായിമാറും.
ഞായാറാഴ്ചയോടെ സെമി ഫൈനല്‍ ചിത്രം തെളിയും. നവംബര്‍ 13നാണ് ഫൈനല്‍ നടക്കുക.
സിംബാബ്വെയ്ക്കെതിരായ ഒരു മത്സരമാണ് ഇനി ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഈ മത്സരം ജയിക്കുകയാണെങ്കില്‍ സെമി പ്രവേശനം ഉറപ്പാക്കാം. നാല് സൂപ്പര്‍ 12 മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു.