റിയാദ്> അടുത്ത വര്‍ഷം 2023 ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) അയയ്ക്കുന്ന ബഹിരാകാശ സംഘത്തിന്റെ പരിശീലനത്തില്‍ രണ്ട് സൗദി ബഹിരാകാശയാത്രികര്‍ പ്രവേശിച്ചതായി നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ) സ്ഥിരീകരിച്ചു. (Ax-2) എന്ന പ്രത്യേക ദൗത്യത്തില്‍ രണ്ട് സൗദി സ്പെഷ്യലിസ്റ്റുകള്‍ ഭാഗമാകുമെന്നും 2023 മെയ് 1-ന് മുമ്പ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ 4 ബഹിരാകാശയാത്രികരെ വിടുന്ന ബഹിരാകാശ പറക്കല്‍ നടത്തുമെന്നും നാസ കൊമേഴ്സ്യല്‍ പ്രോഗ്രാം ഡയറക്ടര്‍ ആഞ്ചല ഹാര്‍ട്ട് വിശദീകരിച്ചു.
രണ്ട് സൗദി ബഹിരാകാശയാത്രികരുടെ പേരുകള്‍ നാസ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഒക്ടോബര്‍ 17 ന് ആരംഭിച്ച അഭ്യാസത്തില്‍ അവര്‍ പങ്കെടുക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു, കൂടാതെ എല്ലാ ബഹിരാകാശയാത്രികരുടെയും വ്യക്തിത്വം ദൗത്യം നിയന്ത്രിക്കുന്ന ക്രൂ മാനേജ്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക അംഗീകാരം നേടിയ ശേഷം വെളിപ്പെടുത്തും. നാസയുടെ സ്പേസ് ഷട്ടില്‍ ഡിസ്കവറിയില്‍ ആദ്യത്തെ അറബ് വംശജനെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് 37 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ നിന്നുള്ള രണ്ട് ബഹിരാകാശ സഞ്ചാരികളാണ് ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്നത്.
10 ദിവസത്തെ ദൗത്യം വാണിജ്യപരവും ലാഭേച്ഛയില്ലാത്തതുമായ ഗവേഷണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും സ്റ്റേഷനില്‍ നടത്തും. ബഹിരാകാശയാത്രികരുടെ പദ്ധതിയുടെ ഭാഗമായി സൗദി ബഹിരാകാശ കമ്മീഷന് 2023-ല്‍ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയെ ബഹിരാകാശത്തേക്ക് അയക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ ചരിത്ര സംഭവമായി അടയാളപ്പെടുത്തും. ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യം സംഘടിപ്പിക്കുന്നത്.
മനുഷ്യ ബഹിരാകാശ യാത്രാ ശ്രമത്തിലൂടെ എസ്എസ്സിയുടെ പര്യവേക്ഷണ പരിപാടിയെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തും. അത്യാധുനിക ബഹിരാകാശ സാങ്കേതിക വിദ്യകളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ഉപയോഗപ്പെടുത്തി ബഹിരാകാശത്ത് അര്‍ഥവത്തായ ശാസ്ത്രീയ ഗവേഷണം നടത്താന്‍ സൗദി ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനും ബഹിരാകാശത്ത് അവരെ സജ്ജമാക്കുന്നതിനും ആക്സിയം സ്പേസ് എസ്എസ്സിയുമായി സഹകരിക്കും. 2022 സെപ്റ്റംബര്‍ 22-ന് ദേശീയ ദിനത്തില്‍ ബഹിരാകാശ യാത്രിക പരിപാടി ആരംഭിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.