ചേർത്തല
സാമൂഹ്യവിപത്തുകൾക്ക് എതിരെ ജനമനസ് ഉണർത്താൻ വിപുലമായ കർമപദ്ധതി ചേർത്തലയിൽ ചേർന്ന കേരള നവോത്ഥാന സമിതി സംസ്ഥാന നേതൃയോഗം ആവിഷ്കരിച്ചു. സമിതി പ്രവർത്തനം ജനകീയമായി അടിത്തട്ടിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.
അന്ധവിശ്വാസവും അനാചാരങ്ങളും വർഗീയ വിഭജനശ്രമവും മയക്കുമരുന്ന് വ്യാപനവും കേരളീയ സമൂഹം നേരിടുന്ന വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. പ്രതിരോധത്തിന് സംസ്ഥാനവ്യാപക പ്രചാരണം സംഘടിപ്പിക്കും. സംസ്ഥാനതലത്തിൽ എഴുത്തുകാരുടെ കൂട്ടായ്മ ഒരുക്കും.
21ന് മലപ്പുറം കൺവൻഷനോടെ എല്ലാ ജില്ലകളിലും കമ്മിറ്റികളാകും. ജനുവരി 31ന് മുമ്പ് 140 നിയോജകമണ്ഡലങ്ങളിലും കമ്മിറ്റി രൂപീകരിക്കും. ഡിസംബർ 15നും 16നും ചേർത്തലയിൽ ജില്ലാ ഭാരവാഹികൾക്കും നേതാക്കൾക്കും ദ്വിദിന നേതൃത്വ പരിശീലന ശിൽപ്പശാല നടത്തും. അടിത്തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കും.
അന്ധവിശ്വാസ–-അനാചാര നിരോധന നിയമം സംബന്ധിച്ച ചർച്ചവേണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയമനിർമാണത്തിന് സർക്കാരുമായി സഹകരിക്കും. അരുവിപ്പുറം ശിവപ്രതിഷ്ഠാ വാർഷികം ഫെബ്രുവരി 14ന് ശിവഗിരിയിൽ സമിതി നേതൃത്വത്തിൽ ആഘോഷിക്കും.
വിവിധ ജാതിമതസ്ഥരുടെ പ്രാതിനിധ്യം സമിതിയിൽ ഉറപ്പാക്കും. 26ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വനിതാ സമ്മേളനവും ഭരണഘടനാ സംരക്ഷണ കൂട്ടായ്മയും ഒരുക്കും. അംഗസംഘടനകളിലെ വനിതകളുടെ നേതൃത്വത്തിലാകും സംഘാടനം. ഡിസംബർ ആറിന് ഭരണഘടനാ ശിൽപ്പി ഡോ. അംബേദ്കറുടെ ചരമദിനം തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ആചരിക്കും.
ചെയർമാൻ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്തു. സമൂഹത്തിൽ അരാജകത്വവും ഗുരുതര ആഘാതവും സൃഷ്ടിക്കുന്ന ലഹരിമാഫിയയെ പ്രതിരോധിക്കാൻ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രത്യേക ജനകീയ കമ്മിറ്റി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അഡ്വ. കെ സോമപ്രസാദ് അധ്യക്ഷനായി. പി രാമഭദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ഹുസൈൻ മടവൂർ, ഡോ. എ നീലലോഹിതദാസൻ നാടാർ, അഡ്വ. കെ പി മുഹമ്മദ്, എസ് സുവർണകുമാർ, അഡ്വ. എസ് പ്രഹ്ലാദൻ, ഡി ദേവരാജൻ, ഡി സുദർശനൻ, യു ടി രാജൻ, പി വി ഷാജി, ആലുവിള അജിത്ത്, കെ അജിത്ത്, എസ് പി നമ്പൂതിരി, കെ എസ് ശ്രീജിത്ത്, നെയ്യാറ്റിൻകര സത്യശീലൻ, രാമചന്ദ്രൻ മുല്ലശേരി, കെ കെ പുരുഷോത്തമൻ, വി ജെ ജോർജ്, എസ് ജെ സാംസൺ, കെ രവികുമാർ, ചൊവ്വര സുനിൽ, അഡ്വ. പി ആർ രാജു, ഐ ബാബു കുന്നത്ത്, പി എം പുരുഷോത്തമൻ, പി പി അനിൽകുമാർ, ആർ ഈശ്വരപിള്ള, കെ ടി രാജൻ, കെ ഗോകുൽദാസ് എന്നിവർ സംസാരിച്ചു.