അബുദാബി> നവംബർ മൂന്നിന് യുഎഇ പതാകദിനം ആചരിക്കാൻ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും ആഹ്വാനം ചെയ്തു. ദേശസ്നേഹവും ഐക്യവും അഖണ്ഡതയും പ്രതിനിധാനം ചെയ്യുന്ന ചതുർ വർണ്ണ പതാക രാവിലെ 11ന് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉയർത്താനാണ് നിർദ്ദേശം.
യുഎഇയുടെ രണ്ടാമത് പ്രസിഡണ്ടായി ഷെയ്ക്ക് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ 2004 ൽ അധികാരമേറ്റതിന്റെ സ്മരണ പുതുക്കാനാണ് നവംബർ 3 പതാക ദിനമായി ആചരിക്കുന്നത്. ധീരത (ചുവപ്പ്), സമൃദ്ധി (പച്ച), സമാധാനവും പരസ്പര സ്നേഹവും (വെള്ള), കരുത്ത് (കറുപ്പ്) എന്നീ വിശേഷങ്ങൾ പ്രതിനിധാനം ചെയ്യുന്നതാണ് യുഎഇ പതാകയുടെ നാല് നിറങ്ങൾ. 1971 ൽ സ്വദേശി പൗരൻ അബ്ദുള്ള അൽ മൈന രൂപകല്പന ചെയ്തതാണ് യുഎഇ പതാക.