തിരുവനന്തപുരം> മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ നാടൊന്നിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാം ഇന്നു തീർത്ത ചങ്ങലയുടെ കണ്ണിപൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിത്തിൽ അങ്ങോട്ടും തുടരുമെന്നാകണം പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില് വിദ്യാര്ത്ഥികളുടെ സജീവമായ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാര്ത്ഥി പങ്കാളിത്തത്തോടെ ‘ഞങ്ങള് ലഹരിക്ക് കീഴടങ്ങില്ല’ എന്ന സന്ദേശം നല്കാനായി. വിദ്യാര്ത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. അവരുടെ ദുസ്വാധീനത്തിന് കീഴ്പ്പെടില്ല എന്ന് ഈ ക്യാമ്പയിനിലൂടെ വിദ്യാര്ത്ഥികള് പ്രഖ്യാപിച്ചു.
ഈ നാടിന്റെ ഭാവി വിദ്യാർത്ഥികളിലാണ്. ആ ഭാവി തകര്ക്കാന് അനുവദിക്കില്ല എന്ന് വിദ്യാര്ത്ഥികള് ഈ പരിപാടിയിലൂടെ എല്ലാവരെയും കാണിച്ചുകൊടുത്തു. ഇന്നത്തോടു കൂടി നാം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. നവംബർ 14 മുതൽ ജനുവരി 26 വരെയുള്ള അടുത്ത ഘട്ടം വിശദമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
തിരുവനന്തപുരം ഗാന്ധി പാർക്ക് മുതൽ അയ്യൻകാളി സ്ക്വയർ വരെ അഞ്ച് കിലോമീറ്ററോളം നീളുന്ന ശൃംഖലയിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽ ലക്ഷത്തോളം വിദ്യാർഥികളും പൊതുജനങ്ങളും കണ്ണിചേർന്നു. സ്കൂളുകളിലെ പരിപാടികളിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരും പങ്കാളികളായി.