ന്യൂഡൽഹി
തെരഞ്ഞെടുപ്പ് കമീഷൻ ദിവസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തിലെ മോർബിയിൽ പാലം തകർന്നുണ്ടായ ദുരന്തം ബിജെപി സർക്കാരിന് തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തിറങ്ങി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഘട്ടത്തിലാണ് അപകടം. കോൺഗ്രസും ആംആദ്മി പാർടിയും അടക്കമുള്ള പ്രതിപക്ഷ പാർടികൾ സർക്കാരിനെതിരെ രൂക്ഷവിമർശവുമായി രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ രണ്ട് ദിവസമായി ഗുജറാത്തിലാണ്. അതിന് മുമ്പുള്ള ആഴ്ചകളിലെല്ലാം പതിവായി ഗുജറാത്ത് സന്ദർശിച്ചു. നിലവിൽ ഗുജറാത്തിൽ നേതൃത്വമില്ലാത്ത അവസ്ഥയിലാണ് ബിജെപി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ജനകീയനായ നേതാവല്ല. മോദിയെ മുന്നിൽ നിർത്തിയാണ് ഗുജറാത്തിലെ ബിജെപിയുടെ നീക്കങ്ങൾ.
വിമാനനിർമാണ പ്ലാന്റടക്കം ഒട്ടനവധി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നതിനിടെയാണ് മോർബി ദുരന്തം.
ദുരന്തം മനുഷ്യസൃഷ്ടിയാണെന്നും സർക്കാരിന്റെ പിഴവുകളാണ് പാലം തകരുന്നതിന് വഴിയൊരുക്കിയതെന്നും പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണിക്കുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും നേടാതെയാണ് പാലം തുറന്നതെന്ന വിമർശം അധികൃതരുടെ പാളിച്ചകളെ തുറന്നുകാട്ടുന്നു. നൂറുപേർ കയറിയ പാലത്തിൽ അഞ്ഞൂറോളം പേർക്ക് അനുമതി നൽകിയതും അപകടത്തിലേക്ക് വഴിതുറന്നു. ബിജെപിക്ക് വേണ്ടപ്പെട്ട സ്വകാര്യ കമ്പനിക്കാണ് നിലവിൽ പാലത്തിന്റെ മേൽനോട്ട ചുമതല.
പാലം കുലുക്കുന്നത്
ദൃശ്യങ്ങളിൽ
മോർബിയിൽ തൂക്കുപാലം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ നിൽക്കുന്ന പാലത്തിന്റെ കൈവരികൾ പിടിച്ച് ചിലർ കുലുക്കുന്നതായും പിന്നാലെ പാലം പൊട്ടിവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ‘പാലത്തിൽ നിറച്ചും സന്ദർശകരായിരുന്നു. മൊബൈലിൽ ഫോട്ടോ എടുക്കുന്നതിനിടെ ചിലർ പാലം പിടിച്ച് കുലുക്കി. പിന്നാലെ ഇരുമ്പ് കേബിളുകൾ പൊട്ടി ആളുകൾ നദിയിലേക്ക് വീണു. ഒരു വശം തൂങ്ങിക്കിടന്നു’–- ദൃക്സാക്ഷികൾ പറഞ്ഞു. ഛാഠ് പൂജയോടനുബന്ധിച്ചാണ് കൂടുതൽ സന്ദർശകർ പാലത്തിൽ എത്തിയത്.