ന്യൂഡൽഹി
തെക്കൻ കശ്മീരിലെ നദിമാർഗിൽ 2003 മാർച്ച് 23ന് 24 കശ്മീരി പണ്ഡിറ്റുകളെ ഭീകരർ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് ജമ്മു കശ്മീർ–-ലഡാക്ക് ഹൈക്കോടതി. 2011ൽ കേസിലെ സാക്ഷികൾ പലായനം ചെയ്തതിനെ തുടർന്ന് വിചാരണ മുന്നോട്ടു കൊണ്ടുപോകാനാകാതെ ഷോപ്പിയാനിലെ പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് അവസാനിപ്പിച്ചിരുന്നു. ജമ്മു കശ്മീർ ഭരണസംവിധാനം സമർപ്പിച്ച പുനഃപരിശോധനാഹർജി അനുവദിച്ചാണ് പുനരന്വേഷണത്തിന് കോടതി നിർദേശിച്ചത്.
രാത്രി സൈനിക വേഷത്തിലെത്തിയ ലഷ്കറേ- തയ്ബ ഭീകരർ നദിമാർഗിലെ പണ്ഡിറ്റുകളുടെ വീടുകൾ വളയുകയായിരുന്നു. പുറത്തിറക്കിനിർത്തി 11 പുരുഷന്മാരെയും 11 സ്ത്രീകളെയും രണ്ട് കുട്ടികളെയുമാണ് വധിച്ചത്. ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട 28 പേർ ജമ്മുവിലേക്ക് പലായനം ചെയ്തു. ജനങ്ങൾ സൗഹാർദത്തോടെ കഴിഞ്ഞിരുന്ന പ്രദേശത്ത് സുരക്ഷാജോലിയിലുണ്ടായിരുന്ന പൊലീസിനെ ബന്ദിയാക്കിയായിരുന്നു നരവേട്ട. ഒരു മാസത്തിനുശേഷം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന പാക് ഭീകരൻ സിയ മുസ്തഫയടക്കം മൂന്നുപേരെ സൈനപോറ പൊലീസ് പിടികൂടി. സാക്ഷികൾ ഭയംമൂലം കോടതിയിൽ എത്താഞ്ഞതോടെയാണ് കേസ് സ്തംഭിച്ചത്.
അന്നത്തെ ജമ്മു കശ്മീർ സർക്കാരിന്റെ പുനരന്വേഷണ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. ഭീകരരുടെ ഒളിത്താവളം തിരിച്ചറിയാൻ സുരക്ഷാസേന കോട് ഭൽവാൾ ജയിലിൽനിന്ന് എത്തിച്ച സിയ മുസ്തഫയെ 2021 ഒക്ടോബർ 24ന് ഭീകരർതന്നെ വകവരുത്തിയതും തിരിച്ചടിയായി. പുനരന്വേഷണത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ഇപ്പോൾ ഇരകളുടെ കുടുംബം.