തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 ആയി ഏകീകരിച്ചു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായിരുന്ന വിരമിക്കൽ പ്രായമാണ് ഏകീകരിച്ചത്. കെഎസ്ഇബി, കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി എന്നിവയ്ക്ക് ഇത് ബാധകമാകില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട് രൂപീകരിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ നടപടി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ 42,000 സ്ഥിരം ജീവനക്കാർക്ക് പ്രയോജനപ്പെടുന്നതാണ് തീരുമാനം. കേന്ദ്ര പൊതുമേഖലയിൽ മഹാരത്ന, മിനിരത്ന കമ്പനികളിൽ നടപ്പാക്കുന്ന ശമ്പള പരിഷ്കരണരീതി കേരളത്തിലും പിന്തുടാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.