ന്യൂഡൽഹി > 2020 ഫെബ്രുവരിയിൽ നടന്ന വടക്കുകിഴക്കൻ ഡൽഹി കലാപത്തിലെ ഇരകൾക്ക് കൈത്താങ്ങുമായി സിപിഐ എം. ബ്രിജ്പുരിയിലെ മേജർ ജയ്പാൽ സിങ് മെമ്മോറിയൽ ട്രസ്റ്റിന്റെ നൈപുണ്യ വികസന കേന്ദ്രമായ ക്വാമി ഏകതാ ഭവൻ പൊളീറ്റ്ബ്യൂറോ അംഗം എ വിജയരാഘവർ ഉദ്ഘാടനംചെയ്തു.
ബൃന്ദ കാരാട്ടും സന്നിഹിതയായിരുന്നു. അസംഘടിത മേഖലയിലെ ദരിദ്രതൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഇത്തരത്തിലുള്ള കേന്ദ്രം വേണമെന്ന ജനങ്ങളുടെ ആവശ്യംകൂടിയാണ് ട്രസ്റ്റ് യാഥാർഥ്യമാക്കിയത്. അഞ്ചുനില കെട്ടിടത്തിൽ കുട്ടികൾക്കുള്ള ട്യൂഷൻ സെന്റർ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കംപ്യൂട്ടർ ലാബ്, സ്ത്രീകൾക്കുള്ള തയ്യൽ പരിശീലന സൗകര്യം, ബ്യൂട്ടീഷ്യൻ കോഴ്സ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത്. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനുപേർ ഒഴുകിയെത്തി.
വീടുകളിൽ ഒതുങ്ങിക്കൂടേണ്ടി വരുന്ന സ്ത്രീകൾക്ക് തനത് കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം സ്വയംതൊഴിലിലൂടെ വരുമാനവും കേന്ദ്രത്തിലൂടെ ഉറപ്പാക്കാനാകും. കുട്ടികൾക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പോലുള്ളവയ്ക്ക് പുറമെ കംപ്യൂട്ടർ കോഴ്സുകളും പഠിക്കാനാകും.വടക്കുകിഴക്കൻ ഡൽഹി നിവാസികളുടെ പുനരധിവാസത്തിന് കേരളത്തിന്റെ എല്ലാ പിന്തുണയും വിജയരാഘവൻ ചടങ്ങിൽ ഉറപ്പുനൽകി. ജാതി – മത ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കുമാണ് കേന്ദ്രം തുറന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
കലാപാനന്തരം ഇരകൾക്ക് സിപിഐ എം ഒരുലക്ഷം വീതം ആശ്വാസ ധനസഹായവും കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകിയിരുന്നു. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുത്തു നൽകി. നൈപുണ്യ വികസന കേന്ദ്രം സാധ്യമാക്കാൻ കൂടെനിന്ന എല്ലാവരെയും സിപിഐ എം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.