തിരുവനന്തപുരം > സംസ്ഥാനത്ത് തുലാവർഷം സജീവമായി. ബംഗാൾ ഉൾക്കടലിനും തെക്കേ ഇന്ത്യക്കും മുകളിൽ വടക്കു കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വെള്ളിവരെ വ്യാപക മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ ശക്തമായ മഴയും ഉണ്ടാകും.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു മുകളിൽ ചക്രവാതച്ചുഴിയും കേരളത്തിനും തമിഴ്നാടിനും മുകളിൽ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ചൊവ്വ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധൻ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.