മോർബി> ഗുജറാത്തിൽ മോർബി ജില്ലയില് മച്ചു നദിക്കു കുറുകെയുള്ള 143 വർഷം പഴക്കമുള്ള തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 130 കടന്നു. മരണസംഖ്യ കൂടാനിടയുണ്ട്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിനോദസഞ്ചാരികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. നൂറിലധികം പേരാണ് പുഴയിലേക്ക് വീണത്. 70 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനം രാത്രിവൈകിയും തുടര്ന്നു. ആറുമാസംമുമ്പ് നവീകരണത്തിനായി അടച്ച പാലം രണ്ടു കോടി രൂപ ചെലവിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി 26നാണ് വീണ്ടും തുറന്നുകൊടുത്തത്.
അപകടസമയം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പാലത്തിലുണ്ടായിരുന്നു. പാലത്തിന്റെ മധ്യഭാഗമാണ് തകർന്നുവീണത്. പാലത്തിന്റെ ഇരുഭാഗത്തുമായി നിരവധിപേർ തൂങ്ങിക്കിടക്കുന്ന ദൃശ്യം പുറത്തുവന്നു. വെള്ളത്തിൽവീണ കുറച്ചുപേർ നീന്തി രക്ഷപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തി. ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംഭവസ്ഥലം സന്ദര്ശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഗുജറാത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ വിലയിരുത്തി.
അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി തദ്ദേശ മന്ത്രി ബ്രിജേഷ് മെർജ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് 50,000 രൂപവീതവും സഹായധനം അനുവദിച്ചു.
ബ്രിട്ടീഷ് കാലത്തെ പാലം
143 വർഷം പഴക്കമുള്ളതാണ് 765 അടി നീളമുള്ള ഈ തൂക്കുപാലം. 1879 ഫെബ്രുവരി 20ന് അന്നത്തെ ബോംബെ ഗവർണർ റിച്ചാർഡ് ടെമ്പിളാണ് ദർബാർഗഢും നാസർബാഗുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. അന്ന് 3.5 ലക്ഷം രൂപ ചെലവായ പാലത്തിന്റെ നിർമാണം 1880ൽ പൂർത്തിയായി. നിർമാണ സാമഗ്രികൾ മുഴുവനും ഇംഗ്ലണ്ടിൽനിന്ന് എത്തിക്കുകയായിരുന്നു.















