കണ്ണൂർ
കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിൽ പുതിയ ഇനം നിഴൽത്തുമ്പിയെ കണ്ടെത്തി. ദന്ത ഡോക്ടറും തുമ്പിനിരീക്ഷകനുമായ ഡോ. വിഭു വിപഞ്ചികയാണ് ആദ്യം ഇതിനെ നിരീക്ഷിച്ചത്. തുടർന്ന് ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി തുമ്പി ഗവേഷണ വിഭാഗത്തിലെ ഗവേഷകരായ വിനയൻ പി നായർ, ഡോ. രഞ്ജീകലേഷ് സദാശിവൻ, ഡോ. എബ്രഹാം സാമുവൽ, ഡോ.ജാഫർ പാലോട്ട് എന്നിവർ വിശദ പഠനം നടത്തി. പുതിയ ഇനം സൂചിത്തുമ്പിക്ക് ‘പ്രോട്ടോസ്റ്റിക്റ്റ ഫ്രാൻസി ’ എന്ന് പേരിട്ടു. സംസ്ഥാനത്ത് തുമ്പികളുടെ ശാസ്ത്രീയ പഠനങ്ങൾക്ക് തുടക്കം കുറിച്ച തൃശൂർ സെന്റ് തോമസ് കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ. ഫ്രാൻസി കെ കാക്കാശേരിയുടെ ബഹുമാനാർഥമാണ് അദ്ദേഹത്തിന്റെ പേര് നൽകിയത്.
ആറളം വന്യജീവിസങ്കേതം, കൊട്ടിയൂർ മേഖലകളിൽ സമുദ്രനിരപ്പിൽനിന്ന് 500 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളിലെ ഇരുളടഞ്ഞ കാട്ടരുവികളിലാണ് ഇവ കാണപ്പെടുന്നത്. കഴുത്തിലെ മുള്ളുകളുടെ പ്രത്യേകതയാണ് വ്യത്യസ്തമാക്കുന്നത്.















