ന്യൂഡൽഹി
ആഭ്യന്തമന്ത്രിമാർക്കുള്ള ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നത് കേരളത്തിൽനിന്നുള്ള പിണറായി വിജയനടക്കം പത്ത് മുഖ്യമന്ത്രിമാർ.
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിമാരായ ആദിത്യനാഥ് (യുപി), മനോഹർ ലാൽ ഖട്ടർ (ഹരിയാന), ഭാഗവന്ത് മൻ (പഞ്ചാബ്), ഹിമന്ദ ബിശ്വസർമ (അസം), പ്രമോദ് സാവന്ത് (ഗോവ), പുഷ്കർ സിങ് ധാമി (ഉത്തരാഖണ്ഡ്), പ്രേം സിങ് തമാങ് (സിക്കിം), എൻ ബിരേൻ സിങ് (മണിപ്പുർ), മണിക് സാഹ (ത്രിപുര) എന്നിവരാണ് മറ്റുള്ളവർ. നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന് ഉപമുഖ്യമന്ത്രിമാരാണ് പങ്കെടുക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ ലഫ്. ഗവർണർമാർക്ക് പുറമെ രാജസ്ഥാൻ ഗവർണറും പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന പൊലീസ് മേധാവിമാർ, ആഭ്യന്തര സെക്രട്ടറിമാർ, കേന്ദ്ര പൊലീസ് തലവന്മാർ എന്നിവരും ശിബിരത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ പൊലീസ് സംവിധാനത്തെ നവീകരിക്കുന്നതിനൊപ്പം ആഭ്യന്തര സുരക്ഷയ്ക്കുള്ള പുതിയ നയരൂപീകരണവുമാണ് ശിബിരത്തിന്റെ കാതൽ. സ്ത്രീസുരക്ഷ, ആയുധ–-ലഹരിക്കടത്ത്, മനുഷ്യക്കടത്ത്, സൈബർ സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങളും ചർച്ചയാകും.