ന്യൂഡൽഹി
ഗവർണർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും ഗവർണറെ തിരിച്ചുവിളിക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും നിലനിൽക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഓർക്കണം. ബിജെപി-–- ആർഎസ്എസ് കൂട്ടുകെട്ട് മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കടുത്ത ഭീഷണിയാണ്. ജനങ്ങളെ രക്ഷിക്കാൻ ബിജെപി– –ആർഎസ്എസ് കൂട്ടുകെട്ടിനെ 2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണം. അതിനായി എല്ലാ ഇടത് മതനിരപേക്ഷ ജനാധിപത്യ പാർടികളും പ്രാദേശിക പാർടികളും സാമൂഹ്യപ്രസ്ഥാനങ്ങളും ഒന്നിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യം നിർണായകമാണെന്നും രാജ പറഞ്ഞു. ദേശീയ സെക്രട്ടറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അമർജിത് കൗർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.