ന്യൂഡൽഹി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസിൽ സമാജ്വാദി പാർടി നേതാവും എംഎൽഎയുമായ അസംഖാനെ രാംപുർ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു.
2019 ഏപ്രിലിൽ യോഗി ആദിത്യനാഥ്, രാംപുർ ജില്ലാമജിസ്ട്രേട്ടായിരുന്ന അഞ്ജനേയകുമാർ സിങ് എന്നിവർക്കെതിരെ വിദ്വേഷപരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ഐപിസി 153–-എ, 505–-1, ജനപ്രാതിനിധ്യ നിയമത്തിലെ 125 വകുപ്പുകളാണ് ചുമത്തിയത്. മൂന്ന് വകുപ്പ് പ്രകാരവും അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി ഉത്തരവിട്ടു. അതേസമയം, മേൽക്കോടതിയെ സമീപിക്കാനായി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
ശിക്ഷിക്കപ്പെട്ടതോടെ അസംഖാന്റെ എംഎൽഎ പദവി നഷ്ടപ്പെടും. 2013ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ജനപ്രതിനിധി ക്രിമിനൽക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ടാൽ പദവി നഷ്ടപ്പെടും. വഞ്ചനാക്കേസിൽ ജയിലിലായ അസംഖാൻ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ഈ വർഷം ആദ്യം ജയിൽമോചിതനായിരുന്നു.
മുതിർന്ന നേതാവായ അസംഖാൻ ശിക്ഷിക്കപ്പെട്ടത് സമാജ്വാദി പാർടിക്ക് കനത്ത തിരിച്ചടിയായി. രണ്ട് പ്രതികൾകൂടി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അസംഖാന് എതിരെ തൊണ്ണൂറോളം കേസ് നിലവിലുണ്ട്.