ഹവാന
സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് അണിനിരക്കണമെന്ന ആഹ്വാനവുമായി ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ കമ്യൂണിസ്റ്റ്, വർക്കേഴ്സ് പാർടികളുടെ അന്താരാഷ്ട്ര സമ്മേളനം. 65 രാഷ്ട്രങ്ങളിൽനിന്നായി 160 പ്രതിനിധികളാണ് വ്യാഴം മുതൽ ശനി വരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പങ്കെടുക്കുന്നു.
ലോകത്തെമ്പാടുംനിന്നുള്ള 82 ഇടതുപക്ഷ പാർടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്നു. അന്താരാഷ്ട്രതലത്തിൽ കമ്യൂണിസ്റ്റ് മുന്നേറ്റം നേരിടുന്ന വെല്ലുവിളികളും ഐക്യം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും ചർച്ച ചെയ്യും.
ഗ്രീസിൽ 1998ലാണ് സംഘടന രൂപീകൃതമായത്. 117 പാർടികൾ അംഗങ്ങളാണ്. സംഘടനയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിനായി ഹവാനയിലെത്തിയ എം എ ബേബി വിപ്ലവ നക്ഷത്രം ചെഗുവേരയുടെ ജീവിത പങ്കാളി അലൈഡ ഗുവേര മാർച്ച്, മകൾ അലൈഡിറ്റ ഗുവേര എന്നിവരുമായി ചെഗുവേര സെന്ററിൽ കൂടിക്കാഴ്ച നടത്തി. ചെയുമായി ബന്ധപ്പെട്ട നാല് പുസ്തകം ഇരുവരും ചേർന്ന് ബേബിക്ക് സമ്മാനിച്ചു.