സിഡ്നി
മുൻനിര ബാറ്റർമാരുടെ മിടുക്കിൽ ഇന്ത്യ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ മുന്നോട്ട്. രണ്ടാംകളിയിൽ നെതർലൻഡ്സിനെ 56 റണ്ണിനാണ് തോൽപ്പിച്ചത്. ഇതോടെ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടിന് 179 റണ്ണെടുത്തു. നെതർലൻഡ്സിന്റെ മറുപടി 9–-123ൽ അവസാനിച്ചു.
വിരാട് കോഹ്ലി (44 പന്തിൽ 62), ക്യാപ്റ്റൻ രോഹിത് ശർമ (39 പന്തിൽ 53), സൂര്യകുമാർ യാദവ് (25 പന്തിൽ 51) എന്നിവരുടെ അരസെഞ്ചുറികളാണ് മികച്ച സ്കോറൊരുക്കിയത്.
മറുപടിയിൽ നെതർലൻഡ്സിനെ രണ്ടുവീതം വിക്കറ്റുമായി ഭുവനേശ്വർ കുമാർ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ആർ അശ്വിൻ എന്നിവർ തളർത്തി. സൂര്യകുമാറാണ് മാൻ ഓഫ് ദി മാച്ച്. സിഡ്നിയിൽ ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കം മികച്ചതായില്ല. വാൻ മീക്കെറെന്റെ പന്തിൽ ലോകേഷ് രാഹുൽ (12 പന്തിൽ ഒമ്പത്) വിക്കറ്റിനുമുന്നിൽ കുരുങ്ങി. റിവ്യു നൽകാതെ രാഹുൽ മടങ്ങി. എന്നാൽ, പരിശോധനയിൽ പന്ത് വിക്കറ്റിൽ പതിക്കില്ലെന്ന് വ്യക്തമായിരുന്നു.
ആദ്യ വിക്കറ്റ് പെട്ടെന്ന് വീണെങ്കിലും രോഹിതും കോഹ്ലിയും ചേർന്ന് റണ്ണൊഴുക്കി. രോഹിതിന്റെ ഇന്നിങ്സിൽ മൂന്ന് സിക്സറും നാല് ഫോറും ഉൾപ്പെട്ടു. 12 ഓവറിൽ 84 റണ്ണായിരുന്നു ക്യാപ്റ്റൻ പുറത്താകുമ്പോൾ സ്കോർ. സൂര്യകുമാർ എത്തിയതോടെ റൺനിരക്കുയർന്നു.
അവസാന ഓവറുകളിൽ കോഹ്ലിയും ആഞ്ഞടിച്ചു. സൂര്യകുമാർ ഒരു സിക്സറും ഏഴ് ഫോറും പായിച്ചു. അവസാനപന്തിൽ സിക്സറടിച്ചാണ് അരസെഞ്ചുറി പൂർത്തിയാക്കിയത്. കോഹ്ലിയുടെ ഇന്നിങ്സിൽ രണ്ട് സിക്സറും മൂന്ന് ഫോറും ഉൾപ്പെട്ടു. 48 പന്തിൽ 95 റണ്ണാണ് ഇരുവരും ചേർന്ന് നേടിയത്.
തുടർച്ചയായ രണ്ട് മെയ്ഡനുകളുമായാണ് ഭുവനേശ്വർ നെതർലൻഡ്സ് ബാറ്റർമാരെ വരവേറ്റത്. പിന്നാലെ, അക്സർ നെതർലൻഡ്സിനെ വരിഞ്ഞുമുറുക്കി. 20 റണ്ണെടുത്ത ടിം പ്രിങ്കിളാണ് അവരുടെ ടോപ് സ്കോറർ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ആദ്യ കളിയിൽ പാകിസ്ഥാനെയാണ് ഇന്ത്യ തോൽപ്പിച്ചത്.















