മെൽബൺ
അയർലൻഡുകാരുടെ മൂർച്ചയുള്ള പന്തിനുപിന്നാലെ മഴയും വന്നതോടെ ഇംഗ്ലണ്ടിന്റെ പ്രതിരോധം ചോർന്നു. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ അഞ്ച് റൺ തോൽവി. മഴനിയമപ്രകാരമാണ് അയർലൻഡിന്റെ വിജയം.
സ്കോർ: അയർലൻഡ് 157 (19.2), ഇംഗ്ലണ്ട് 5–-105 (14.3)
മഴ പെയ്തപ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ 5.3 ഓവറിൽ വേണ്ടിയിരുന്നത് 53 റൺ. അഞ്ച് വിക്കറ്റും കൈയിലുണ്ടായിരുന്നു. മൊയീൻ അലിയും (24) ലിവിങ്സ്റ്റണുമായിരുന്നു (1) ക്രീസിൽ. മഴ തുടർന്നതിനാൽ കളി ഉപേക്ഷിച്ചു. തുടർന്നാണ് കളിനിയമപ്രകാരം വിജയിയെ നിശ്ചയിച്ചത്. റണ്ണെടുക്കുംമുമ്പ് ഓപ്പണറായ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ലറെ മടക്കി പേസർ ജോഷ്വ ലിറ്റിൽ അയർലൻഡിന് മികച്ച തുടക്കമാണ് നൽകിയത്. വൈകാതെ ഓപ്പണർ അലക്സ് ഹാൽസും (7) ജോഷ്വയ്ക്ക് കീഴടങ്ങി. ബെൻ സ്റ്റോക്സിനെയും (6) ഹാരി ബ്രൂക്കിനെയും (18) പുറത്താക്കി അയർലൻഡ് കളി നിയന്ത്രിച്ചു. അതിനിടെ ചെറുത്തുനിന്ന ഡേവിഡ് മലാനും (35) പുറത്തായി. മൊയീൻ അലി ഒരറ്റത്ത് ഉറച്ചുനിന്നതോടെ ഇംഗ്ലണ്ടിന് ധൈര്യമായി. എന്നാൽ, മഴ എല്ലാം തുലച്ചു.
അയർലൻഡിനായി 47 പന്തിൽ 62 റണ്ണടിച്ച ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർനി കളിയിലെ താരമായി. വിക്കറ്റ്കീപ്പർ ലോർകൻ ടക്കർ 27 പന്തിൽ 34 റണ്ണുമായി പിന്തുണ നൽകി. ഇംഗ്ലണ്ടിനായി മാർക്ക് വുഡും ലിവിങ്സ്റ്റണും മൂന്ന് വിക്കറ്റുവീതം വീഴ്ത്തി. ന്യൂസിലൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം ഒറ്റപ്പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. മഴയുടെ കളി ഗ്രൂപ്പ് ഒന്നിലെ കാര്യങ്ങൾ സങ്കീർണമാക്കി. എല്ലാ ടീമുകളും രണ്ട് കളി പൂർത്തിയാക്കിയപ്പോൾ ന്യൂസിലൻഡ് മൂന്ന് പോയിന്റുമായി മുന്നിലാണ്. ശ്രീലങ്ക, ഇംഗ്ലണ്ട്, അയർലൻഡ്, ഓസ്ട്രേലിയ എന്നിവർക്കെല്ലാം രണ്ട് പോയിന്റ്. റൺ റേറ്റിൽ ലങ്കയാണ് രണ്ടാമത്. അഫ്ഗാന് ഒരു പോയിന്റ്. രണ്ട് ടീമുകൾക്കാണ് സെമി യോഗ്യത.















