കൊച്ചി
ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയിൽ. ഐഎസ്എല്ലിൽ ഇന്ന് കരുത്തരായ മുംബൈ സിറ്റി എഫ്സിയുമായിട്ടാണ് മത്സരം. തുടർച്ചയായ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഇവാൻ വുകോമനോവിച്ചും സംഘവും.
പ്രതിരോധത്തിന്റെ പിഴവുകളാണ് അവസാന രണ്ടുകളിയിലും ബ്ലാസ്റ്റേഴ്സിന് വിനയായത്. കഴിഞ്ഞ കളിയിൽ ഒഡിഷ എഫ്സിയോട് ലീഡ് നേടിയശേഷം തോറ്റു. രണ്ടാംമത്സരത്തിൽ എടികെ മോഹൻ ബഗാനുമായുള്ള കളിയിലും ഇതായിരുന്നു സംഭവിച്ചത്. ആദ്യമത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ജയംകുറിച്ചെങ്കിലും ഗോൾ വഴങ്ങി.
മൂന്ന് കളിയിൽ ആറ് ഗോളടിച്ചപ്പോൾ എട്ടെണ്ണം വഴങ്ങി. മൂന്ന് ഗോളടിച്ച ഇവാൻ കലിയുഷ്നിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ. ഡാനിയേൽ ചുക്വുവാണ് മുംബൈയുടെ പ്രധാന താരം. ഒമ്പതാമതാണ് ബ്ലാസ്റ്റേഴ്സ്. അഞ്ച് പോയിന്റുള്ള മുംബൈ നാലാമതും.















