ലെയ്പ്സിഗ്
ഇരുപത് മത്സരത്തിനുശേഷം റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി. ചാമ്പ്യൻസ് ലീഗിൽ ആർ ബി ലെയ്പ്സിഗാണ് ചാമ്പ്യൻമാരെ വീഴ്ത്തിയത് (3–-2). മെയ് എട്ടിനുശേഷം കാർലോ ആൻസെലൊട്ടിയുടെ റയൽ തോൽവി അറിഞ്ഞിരുന്നില്ല. സ്പാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം അജയ്യരായിരുന്നു. ഇതിനാണ് ലെയ്പ്സിഗ് അവരുടെ തട്ടകത്തിൽ തടയിട്ടത്.
കളിയുടെ തുടക്കംതന്നെ റയലിനെ ലെയ്പ്സിഗ് ഞെട്ടിച്ചു. ജോസ്കോ വാർദിയോളും ക്രിസ്റ്റഫർ എൻകുങ്കുവും 20 മിനിറ്റിനുമുമ്പേ റയൽ വലയിൽ പന്തെത്തിച്ചു. ഇടവേളയ്ക്കുമുമ്പേ വിനീഷ്യസ് ജൂനിയറാണ് റയലിനായി ഒന്ന് മടക്കിയത്. കളിയവസാനം ടിമോ വെർണർ ലെയ്പ്സിഗിന്റെ ലീഡുയർത്തി. പരിക്കുസമയം പെനൽറ്റിയിലൂടെ റോഡ്രിഗോയാണ് റയലിന്റെ പരാജയഭാരം കുറച്ചത്. തോറ്റെങ്കിലും നേരത്തേ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു റയൽ.















