ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ വികല നയങ്ങളെത്തുടർന്ന് വീണ്ടും കലുഷിതമാക്കിയിരിക്കെ ജമ്മു കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായിട്ട് ബുധനാഴ്ച 75 വർഷം. തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ വാർഷികദിനം വിപുലമായി ആഘോഷിക്കുമെന്ന് ബിജെപി വ്യക്തമാക്കി. താവി പാലത്തിനു സമീപമുള്ള മഹാരാജ ഹരി സിങ് പാർക്കിലാണ് പരിപാടി. 2020 മുതൽ വാർഷികദിനം പൊതുഅവധിയായി കേന്ദ്രം പ്രഖ്യാപിച്ചു.
1947 ഒക്ടോബർ 26ന് നാട്ടുരാജ്യമായിരുന്ന കശ്മീരിനെ മഹാരാജാവായിരുന്ന ഹരിസിങ് ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയായിരുന്നു. പാകിസ്ഥാൻ പിന്തുണയോടെ പഷ്തൂൺ സൈന്യം കശ്മീർ പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് അതുവരെ സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കാൻ ആഗ്രഹിച്ച കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ഹരിസിങ്ങിനെ നിർബന്ധിതനാക്കിയത്. കശ്മീരിൽനിന്ന് ശത്രുക്കളെ തുരത്തിയ ഇന്ത്യൻ സൈന്യം പ്രദേശങ്ങൾ വിമോചിപ്പിച്ചു. പിന്നീട് സവിശേഷമായ ചരിത്രവും ഭൂമിശാസ്ത്രവും- പ്രതിഫലിക്കുന്ന ആർട്ടിക്കിൾ 370 ഭരണഘടനയിൽ കൂട്ടിച്ചേർത്ത് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകി.
ഈ വകുപ്പ് 2019ൽ ബിജെപി സർക്കാർ റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വെട്ടിമുറിച്ചു. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചു. ന്യൂനപക്ഷങ്ങളെ ഭീകരർ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താൻ തുടങ്ങിയതോടെ പണ്ഡിറ്റുകളും ദോഗ്രകളുമടക്കമുള്ള ന്യൂനപക്ഷം പലായനം ചെയ്തു. പട്ടാളത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലുള്ള ശ്രീനഗറിൽപ്പോലും തുടർച്ചയായി ആക്രമണങ്ങളുണ്ടായി.