ന്യൂഡൽഹി
ബിജെപിയിതര പാർടികൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന സർക്കാരുകൾക്കെതിരെ കുത്തിത്തിരിപ്പുമായി ഗവർണർമാർ സജീവം. പഞ്ചാബ്, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണർമാർ എല്ലാ അതിരും ലംഘിച്ച് അനാവശ്യ ഇടപെടലുകൾ നടത്തി. നിയമസഭയുടെ കാര്യപരിപാടി മുൻകൂട്ടി തന്നെ അറിയിക്കണമെന്നാണ് പഞ്ചാബ് ഗവർണർ ബെൻവാരിലാൽ പുരോഹിത് ആവശ്യപ്പെട്ടത്. സർക്കാർ ഇതിന് വിസമ്മതിച്ചതിനെത്തുടർന്ന് നിയമസഭ വിളിച്ചുകൂട്ടാനുള്ള വിജ്ഞാപനം ഇറക്കാൻ ഗവർണർ തയ്യാറായില്ല. സുപ്രീംകോടതിയെ സമീപിക്കുമെന്ന് സർക്കാർ അറിയിച്ചപ്പോൾ രാത്രി തിരക്കിട്ട് ഗവർണർ വിജ്ഞാപനത്തിൽ ഒപ്പിട്ടു.
ബിജെപി നേതാവും നാഗ്പുരിൽനിന്നുള്ള ലോക്സഭാ അംഗവുമായിരുന്ന പുരോഹിത് 2017–-21ൽ തമിഴ്നാട് ഗവർണറായിരിക്കെ സംസ്ഥാനഭരണത്തിൽ തുടർച്ചയായി ഇടപെട്ടു. ഡിഎംകെ സർക്കാർ വന്നശേഷം ഗവർണർ–- സർക്കാർ ഏറ്റുമുട്ടൽ പരസ്യമായി. പുരോഹിതിനെ പഞ്ചാബിലേക്ക് മാറ്റി തമിഴ്നാട്ടിൽ പകരം നിയമിച്ച ആർ എൻ രവിയും മുൻഗാമിയുടെ പാതയിലാണ്. ചാൻസലർ പദവി ഗവർണറിൽനിന്ന് എടുത്തുമാറ്റാനുള്ള ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. മുഖ്യമന്ത്രിയെ ചാൻസലറാക്കാനുള്ള ബില്ലിൽ ഒപ്പിടാതെ ഗവർണർ പിടിച്ചുവച്ചിരിക്കുകയാണ്.
തമിഴിസെെ സൗന്ദരരാജൻ ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റ് ആയിരിക്കെയാണ് തെലങ്കാന ഗവർണറായി നിയമിക്കപ്പെട്ടത്. കെ ചന്ദ്രശേഖരറാവു സർക്കാരിനെതിരെ ഗവർണർ നടത്തിയ രാഷ്ട്രീയസ്വഭാവമുള്ള പരാമർശങ്ങൾ രാജ്ഭവനും മന്ത്രിസഭയും തമ്മിലുള്ള ബന്ധം വഷളാക്കി. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നിയമസഭയിൽ ഗവർണർ നടത്തുന്ന പ്രസംഗം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു.
രാജസ്ഥാനിലും സർവകലാശാലകളുടെ ഭരണകാര്യങ്ങളിൽ ഗവർണർ കൽരാജ് മിശ്ര തുടർച്ചയായി നടത്തിയ ഇടപെടൽ സർക്കാരുമായുള്ള ഏറ്റുമുട്ടലിനു കാരണമായി. ഹരിദേവ് ജോഷി ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ സർവകലാശാല വിസി യോഗ്യത ഭേദഗതി ചെയ്തുള്ള സർക്കാർ ബിൽ ഗവർണർ മടക്കി. ഉപരാഷ്ട്രപതി ജഗ്ദീപ് ദൻഖർ ബംഗാൾ ഗവർണറായിരിക്കെ സംസ്ഥാന സർക്കാരുമായി ദൈനംദിനം സംഘർഷത്തിലായിരുന്നു.