ന്യൂഡൽഹി
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി രണ്ടംഗബെഞ്ചിന്റെ ഉത്തരവ് അവശേഷിപ്പിക്കുന്നത് നിരവധി ചോദ്യങ്ങൾ. 2015ലെ സാങ്കേതിക സർവകലാശാല നിയമത്തിലെ 13–-ാം വകുപ്പ് പ്രകാരമാണ് വിസി നിയമനം നടത്തിയത്. വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാനും ചീഫ് സെക്രട്ടറിയെ കമ്മിറ്റി കൺവീനറാക്കാനും ഈ വകുപ്പിൽ വ്യവസ്ഥയുണ്ട്.
സാങ്കേതിക സർവകലാശാല നിയമത്തിലെ ഈ വകുപ്പ് 2013ലെ യുജിസി റെഗുലേഷന് വിരുദ്ധമാണെങ്കിൽ യുജിസി നടപടി സ്വീകരിക്കേണ്ടതായിരുന്നു. യുജിസിക്ക് അതിന് അധികാരമുണ്ട്. എന്നാൽ, യുജിസി നടപടി സ്വീകരിച്ചില്ല. ചട്ടവിരുദ്ധമെന്ന് യുജിസി പറയാത്ത സാഹചര്യത്തിൽ വിസി നിയമനം അസാധുവാക്കാൻ കഴിയില്ലെന്നാണ് കേരള ഹൈക്കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചത്.
എന്നാൽ, ഈ നിയമപ്രശ്നം സുപ്രീംകോടതി കാര്യമായി പരിഗണിച്ചില്ല. സംസ്ഥാനനിയമവും കേന്ദ്രനിയമവും തമ്മിൽ വൈരുധ്യങ്ങൾ ഉണ്ടെങ്കിൽ ഭരണഘടനയിലെ 254–-ാം അനുച്ഛേദ പ്രകാരം കേന്ദ്രനിയമം നിലനിൽക്കുമെന്ന് സുപ്രീംകോടതി ആവർത്തിച്ചു. യുജിസി റഗുലേഷനുകൾ സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ സംസ്ഥാനനിയമം നിലനിൽക്കുമെന്ന് 2015ൽ സുപ്രീംകോടതി രണ്ടംഗബഞ്ച് ഉത്തരവിട്ടിരുന്നു. ഈവിധിയെ മൂന്നംഗ ബഞ്ചല്ല, മറ്റൊരു രണ്ടംഗ ബഞ്ചാണ് തിരുത്തിയത്. ഇവിടെയും നിയമപ്രശ്നം നിലനിൽക്കുന്നു. ഗുജറാത്തിലെ സർദാർ പട്ടേൽ സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഉത്തരവാണ് സാങ്കേതിക സർവകലാശാല വിസിയുടെ കേസിൽ പ്രധാനമായും ആശ്രയിച്ചത്.