തിരുവനന്തപുരം
സംഘപരിവാർ അജൻഡ നടപ്പാക്കാൻ കച്ചകെട്ടി ഇറങ്ങിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ബിജെപി ബന്ധം വീണ്ടും ചർച്ചയാകുന്നു. ജനാധിപത്യത്തെയും നിയമസംവിധാനത്തെയും കാറ്റിൽപ്പറത്തി ഗവർണർ തന്നിഷ്ടം നടപ്പാക്കുമ്പോൾ അതിനെതിരെയാണ് കോൺഗ്രസ് ദേശീയ നേതൃത്വവും യുഡിഎഫിലെ പല ഘടകകക്ഷികളും രംഗത്തുവന്നത്. എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ ഗവർണർക്ക് പരസ്യ പിന്തുണ നൽകുകയാണ്.
പ്രശ്നാധിഷ്ഠിത നിലപാടെന്ന് പറഞ്ഞ് ആദ്യംതന്നെ ഗവർണറെ അനുകൂലിച്ച വി ഡി സതീശൻ നിർണായക ഘട്ടങ്ങളിലെല്ലാം സംഘപരിവാർ അജൻഡകൾക്ക് കുടപിടിച്ചിട്ടുണ്ട്. പറവൂർ മണ്ഡലത്തിൽ പരാജയം രുചിച്ചതുമുതൽ ആർഎസ്എസിൽനിന്ന് സഹായം അഭ്യർഥിച്ച ചരിത്രം തെളിവുസഹിതം പുറത്തുവന്നിരുന്നു. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ വിളക്കുകൊളുത്തി ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സതീശന്റെ ആർഎസ്എസ് ബന്ധം വ്യക്തമാക്കി.
മാന്യമായ സ്ഥാനം ലഭിച്ചില്ലെങ്കിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറുമെന്ന് പ്രഖ്യാപിച്ച കെ സുധാകരൻ പല അഭിമുഖങ്ങളിലും ആർഎസ്എസ് ബന്ധം തുറന്ന് സമ്മതിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റശേഷം ‘ ബിജെപിയല്ല മുഖ്യശത്രു’ വെന്നും മാധ്യമങ്ങളോട് പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ബിജെപി ബന്ധവും പലഘട്ടങ്ങളിലും പുറത്തുവന്നു. വട്ടിയൂർക്കാവിൽ ബിജെപിയെ സഹായിച്ചതും ആർഎസ്എസ് ബന്ധമുള്ള ജി വി ഹരിയെ കെപിസിസിയിൽ എടുക്കാൻ ശ്രമിച്ചതും ചെന്നിത്തലയാണ്. പകൽ കോൺഗ്രസും രാത്രി ബിജെപിയുമായി നടക്കുന്ന നേതാക്കൾക്കെതിരെ മുമ്പ് എ കെ ആന്റണിതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആർഎസ്എസ് സേവ നടത്തുകയാണ് പല നേതാക്കളുമെന്നും കോൺഗ്രസിൽ ആക്ഷേപമുയരുന്നു.