ഒരു മാസത്തിനിടെ രണ്ടു തവണ മലയാളി സന്ദർശകരെ വിസ റദ്ദാക്കി തടവിലാക്കിയിരുന്നു. ഈ രണ്ടു സംഭവങ്ങളും ഉദ്യോഗസ്ഥതല വീഴ്ചയാണെന്ന് ഫെഡറൽ സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു.
കോടതി ഉത്തരവിനെത്തുടർന്ന് ഇവരെ വിട്ടയച്ച സർക്കാർ, കോടതിച്ചെലവ് തിരിച്ചുനൽകുകയും ചെയ്യും.
ടാസ്മേനിയയിൽ നിന്നുള്ള ഗ്രീൻസ് പാർട്ടി സെനറ്ററും, കുടിയേറ്റകാര്യങ്ങൾക്കായുള്ള സംയുക്ത പാർലമെന്ററി സമിതി അംഗവുമായ നിക്ക് മക്കിമാണ് ഈ വിഷയം സെനറ്റ് സമിതിയിൽ ഉന്നയിക്കാൻ തീരുമാനിച്ചത്.
സെനറ്റ് എസ്റ്റിമേറ്റ്സ് കമ്മിറ്റിയിൽ സർക്കാരിൽ നിന്ന് കൂടുതൽ വിശദീകരണം തേടുമെന്ന് അദ്ദേഹം എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് നടപടിക്രമത്തിലുണ്ടായ പാളിച്ച എന്ന രീതിയിൽ മാത്രം ഇതിനെ കാണാനാകില്ലെന്നും, അസാധാരണമായ വീഴ്ചയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ആവർത്തിച്ച് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്ന കാര്യം ആഭ്യന്തര വകുപ്പ് ജനങ്ങളോട് വിശദീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങളിൽ അറിഞ്ഞുകൊണ്ടോ അല്ലാതെയോ വംശീയ വിവേചനം ഉണ്ടാകുന്നില്ല എന്ന കാര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിസ ചട്ടങ്ങൾ ലംഘിക്കാത്ത ഒരു അമേരിക്കക്കാരനെയോ, ബ്രിട്ടീഷുകാരനെയോ ഇത്തരത്തിൽ തടവിലാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിസ റദ്ദാക്കപ്പെടുന്ന എല്ലാവർക്കും കോടതിയിൽ പോകാൻ കഴിയില്ല. അതിനാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ല എന്നുറപ്പ് വരുത്തുന്നതാണ് പ്രധാനം.
വിസ റദ്ദാക്കൽ ഉണ്ടാകുമ്പോൾ എത്രയും വേഗം അതിൽ ഓഡിറ്റിംഗ് നടക്കുന്ന രീതിയിൽ സംവിധാനം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഓസ്ട്രേലിയ ശ്രമിക്കുന്ന ഈ സമയത്ത് ഏറെ മോശമായ ഒരു സന്ദേശമാണ് ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടപ്പാട്: SBS മലയാളം