ന്യൂഡൽഹി> ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരങ്ങളെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എകെജി ഭവനിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിസിമാർക്ക് നോട്ടീസയച്ച ഗവർണറുടെ നടപടി അങ്ങേയറ്റം ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമാണ്. ലോകോത്തര നിലവാരമുള്ളതും മതനിരപേക്ഷ ജനാധിപത്യ സ്വഭാവുമുള്ള കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ ഹിന്ദുത്വ അജണ്ട മുൻനിർത്തി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ഗവർണറുടെ ആശയത്തോട് ചേരുന്ന വിദ്യാഭ്യാസ വ്യവസ്ഥയല്ല കേരളത്തിൽ. സുപ്രീംകോടതി വിധി ഒരു സർവകലാശാലയ്ക്ക് മാത്രമാണ് ബാധകം. അതിന് പൊതുസ്വഭാവമില്ല. ഭരണഘടനാപരമായോ നിയമപരമയോ ഗവർണറുടെ നിലപാടിന് സാധുതയില്ല. ഗവർണറെ തിരിച്ചുവിളിക്കണം എന്നതിൽ പിന്നീട് ആലോചനയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.