ന്യൂഡൽഹി> കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കാൻ സർക്കാർ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര സർക്കാർ ‘നിയമനയജ്ഞം’ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള സമ്പദ്ഘടന ഒട്ടും നല്ല അവസ്ഥയിലല്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരകോടിയിലാണ്. ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനുള്ള ദൗത്യം ക്ലേശകരമാണ്. എല്ലാവരുടെയും സഹകരണമുണ്ടെങ്കിൽ വെല്ലുവിളി തരണം ചെയ്യാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ജോലിയിൽ പ്രവേശിക്കാൻ 75,000 നിയമന ഉത്തരവ് പ്രധാനമന്ത്രി ഇലക്ട്രോണിക് സംവിധാനത്തിൽ അയച്ചു. ഒന്നര വർഷത്തിൽ 10 ലക്ഷം നിയമനം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്. മോദി സർക്കാർ വന്നശേഷം 12 ലക്ഷത്തോളം തസ്തികയാണ് കേന്ദ്രസർവീസിൽ ഒഴിഞ്ഞുകിടക്കുന്നത്. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ പ്രതീക്ഷകൾ തകർത്താണ് നിയമന നിരോധനവുമായി സർക്കാർ മുന്നോട്ടുപോയത്. ഇതിനെതിരെ വൻ ജനരോഷം ഉയരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ആസന്നമായ സാഹചര്യത്തിലാണ് നിയമന പദ്ധതി പ്രഖ്യാപനം. പ്രതിവർഷം രണ്ടു കോടി തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനം മോദി സർക്കാർ പാലിച്ചിട്ടില്ല.