ന്യൂഡൽഹി> യമന് യാത്രയ്ക്ക് കേന്ദ്ര സർക്കാർ ഏര്പ്പെടുത്തിയ യാത്രാവിലക്ക് നീളുന്നത് മലയാളികളടക്കം ആയിരങ്ങളെ പ്രതിസന്ധിയിലാക്കി. വർഷങ്ങളായി ഉപജീവനത്തിനായി യമനിൽ കഴിയുന്നവരാണ് നട്ടംതിരിയുന്നത്. യമനിൽനിന്ന് തിരിച്ചെത്തിയവർ വിലക്ക് ലംഘിച്ചതിന്റെ പേരിൽ പല സംസ്ഥാനങ്ങളിലും അറസ്റ്റിലായി. 23 മലയാളികളുടെ പാസ്പോർട് മാസങ്ങൾക്കുമുമ്പ് അധികൃതർ പിടിച്ചുവച്ചു. ഇതിനെതിരെ അവർ അഡ്വ. കെ ആർ സുഭാഷ്ചന്ദ്രൻ മുഖേന ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജിക്കാർക്ക് പാസ്പോർട്ട് ഓഫീസറെ സമീപിക്കാമെന്നും അവിടെ എട്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷകളിൽ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണ് പാസ്പോർട്ടുകൾ പിടിച്ചെടുത്ത നടപടിയെന്ന് ഹർജിക്കാർ വാദിച്ചു.
യമന് പൗരന് കൊല്ലപ്പെട്ട കേസില് വധശിക്ഷ വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങൾക്കും യാത്രാവിലക്ക് പ്രതിസന്ധിയാണ്. മലയാളി പുരോഹിതൻ ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയതിനെത്തുടർന്ന് 2017 സെപ്തംബറിലാണ് യമനിലേക്കുള്ള യാത്ര കേന്ദ്രം വിലക്കിയത്.