തിരുവനന്തപുരം> കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള 12 പ്രൊഫസർമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് കേരള, കലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വിസിമാർക്ക് ഗവർണർ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബിജെപി–- കോൺഗ്രസ് അനുകൂലികളെ നിയമിക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ രാജ്ഭവനിൽ നടക്കുന്നതായാണ് വിവരം.
നിലവിലെ പട്ടിക പ്രകാരം ഏറ്റവും കുറഞ്ഞ യോഗ്യതയുള്ളവരെയാണ് നിയമിക്കാൻ ആലോചിക്കുന്നത്. ഗവർണർ പ്രൊഫസർമാരുടെ പട്ടിക ചോദിച്ചപ്പോൾ 10 വർഷത്തെ യോഗ്യതയായിരുന്നു കണക്കാക്കിയിരുന്നത്. ഇത് ഇഷ്ടക്കാരെ നിയമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണെന്ന് ആക്ഷേപമുണ്ട്. ഗവർണറുടെ പട്ടികയിലുള്ള 12 പേരിൽ ആറുപേരുടെ യോഗ്യത 10 വർഷം മാത്രമാണ്. ഇതിൽ നാലുപേർ മാത്രമാണ് മുതിർന്ന പ്രൊഫസർമാർ. എന്നാൽ, ഉന്നത അക്കാദമിക മെറിറ്റും മികവുറ്റ പ്രവർത്തനങ്ങളും കാഴ്ചവച്ചിട്ടുള്ളവരെ ഒഴിവാക്കിയേക്കും. ഇപ്പോഴത്തെ വിസി പ്രൊഫ. വി പി മഹാദേവൻപിള്ളയുടെ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. കാലാവധി അവസാനിച്ചാൽ സാധാരണായായി മറ്റ് സർവകലാശാല വിസിമാർക്ക് താൽക്കാലിക ചുമതല നൽകുകയാണ് പതിവ്. ഇതിനു വിപരീതമായി ചൊവ്വാഴ്ച പുതിയ വിസിയെ നിയമിക്കാനുള്ള ആലോചനയിലാണ് ഗവർണറും രാജ്ഭവനും.
സിൻഡിക്കറ്റ് ചേർന്നില്ല
കേരള സർവകലാശാലസെനറ്റിൽ നിന്നും 15 അംഗങ്ങളെ ഗവർണർ പിരിച്ചുവിട്ട വിഷയത്തിൽ തീരുമാനമാകാത്തതിനാൽ സിൻഡിക്കറ്റ് യോഗം നടന്നില്ല. പിരിച്ച് വിട്ടവരിൽ രണ്ടുപേർ സിൻഡിക്കറ്റ് അംഗങ്ങളാണ്. ഇതോടെയാണ് ശനിയാഴ്ച പ്രത്യേക സിൻഡിക്കറ്റ് യോഗം വിളിച്ചെങ്കിലും നടത്തേണ്ടതില്ലെന്ന് വിസി തീരുമാനിച്ചത്. വിഷയത്തിൽ കോടതി വിധി വന്നതിനുശേഷം യോഗം ചേരാനാണ് തീരുമാനം. 31നാണ് കേസ് വീണ്ടും പരിഗണിക്കുക.