ന്യൂഡൽഹി
കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 10 ലക്ഷത്തിലേറെ ഒഴിവുകളിലേക്ക് നിയമനയജ്ഞം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഇതിനു തുടക്കംകുറിച്ച് 22ന് 75,000 പേർക്ക് നിയമന ഉത്തരവ് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യും.
ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ഗസറ്റഡ്, ഗ്രൂപ്പ് ബി നോൺ ഗസറ്റഡ്, ഗ്രൂപ്പ് സി വിഭാഗങ്ങളിലായി 38 മന്ത്രാലയത്തിലേക്കും വകുപ്പുകളിലേക്കുമാണ് നിയമനം. വർഷങ്ങളായി കേന്ദ്രസർവീസിൽ 12 ലക്ഷത്തോളം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. മൂന്ന് പേർ വിരമിക്കുമ്പോൾ ഒരു നിയമനം മാത്രമാണ് നടക്കുന്നത്. റെയിൽവേയിൽ ഉൾപ്പെടെ വൻതോതിൽ തസ്തിക വെട്ടിക്കുറച്ചു. ഗ്രൂപ്പ് ഡി തസ്തികയിൽ സ്ഥിരം നിയമനം പൂർണമായും നിർത്തി. ഗ്രൂപ്പ് ഡിയിലും ഗ്രൂപ്പ് സിയിലും കരാർ തൊഴിൽ വ്യാപകമാക്കി. പ്രതിരോധ സേനകളിലും താൽക്കാലിക തൊഴിൽ സമ്പ്രദായം നടപ്പാക്കി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം കേന്ദ്രത്തിനെതിരെ തൊഴിൽരഹിതരായ യുവജനങ്ങളുടെ രോഷം അലയടിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തുവരവെ ജനരോഷം തണുപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.