ഓരോ വർഷവും മെഡികെയറിലൂടെ ബില്യൺ കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണങ്ങൾ അതീവ ഗുരുതരമായി പരിഗണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ലർ വ്യക്തമാക്കി.
മെഡികെയർ തട്ടിപ്പിലൂടെ എട്ട് ബില്യൺ ഡോളർ നഷ്ടമായതായി എബിസിയും ചാനൽ നൈനും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം നടത്തുമെന്ന കാര്യം ആരോഗ്യമന്ത്രി അറിയിച്ചത്.
ചില ഡോക്ട്ടർമാർ സേവനങ്ങൾ ലഭ്യമാക്കാതെ തന്നെ മെഡികെയറിനെ ബില്ല് ചെയ്യുന്നതായും, ചിലർ മരിച്ചവരെ വരെ ബില്ല് ചെയ്യുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചില ഡോക്ടർമാർ വ്യാജമായ മെഡിക്കൽ രേഖകൾ നൽകുന്നതായും ആരോപണമുണ്ട്.
ജിപിമാർ, സർജൻമാർ, പത്തോളജിസ്റ്റുകൾ, അനസ്തെറ്റിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, ദന്തഡോക്ടർമാർ തുടങ്ങി ആരോഗ്യ രംഗത്തെ വിവിധ മേഖലകളിലുള്ളവർ ഇതിൽപ്പെടുന്നതായാണ് ആരോപണം.
സർക്കാരിന് ഇതുവരെ ലഭിച്ചിരിക്കുന്ന ആരോപണങ്ങളിൽ ഏറ്റവും ഗുരുതരമായവയാണ് പുതിയ റിപ്പോർട്ടുകളിൽ ഉള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഏതാനും വർഷങ്ങൾക്കു മുൻപ് ദേശീയ ഓഡിറ്റിൽ പോലും ഇത്രയും ഗുരുതരമായ ആരോപണമില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഈ ആരോപണങ്ങളെ വളരെ ഗൗരവത്തോടെ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ഡോളറും വിവേകത്തോടെ ചിലവിടുമെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡികെയർ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണങ്ങൾ ഡോക്ടർമാരുടെ തൊഴിലിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.
ഭൂരിഭാഗം ജിപി മാരും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നവരാണെന്ന് അസോസിയേഷൻ പ്രസിഡന്റ് സ്റ്റീവ് റോബ്സൺ പറഞ്ഞു. എട്ട് ബില്യൺ ഡോളർ എന്നത് വളരെയധികം പെരുപ്പിച്ചു കാണിച്ചിട്ടുള്ള സംഖ്യയായി അദ്ദേഹം വിശേഷിപ്പിച്ചു.
ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്ന് കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഫെഡറൽ ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി, മെഡികെയർ ക്ലെയിമുകളും, മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിദഗ്ധരുടെ പ്രവർത്തനങ്ങളും പരിശോധിക്കും.
ആരോഗ്യരംഗത്ത് ഇപ്പോഴുള്ള പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ഏതെങ്കിലും ഒരു തെറ്റായ ക്ലെയ്മോ, തട്ടിപ്പോ പൊതുജനത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കടപ്പാട്: SBS മലയാളം