റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ 22ആം വാർഷികാഘോഷം ‘കേളി ദിനം 2023’ന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. 2001ൽ രൂപീകൃതമായ കേളി കലാസാംസ്കാരിക വേദി ഈ വരുന്ന ജനുവരി 2023ൽ 22 വർഷം തികയുകയാണ്.
സംഘാടക സമിതി വൈസ് ചെയർമാൻ അനിരുദ്ധൻ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷനായിരുന്നു. രക്ഷാധികാരി ആക്ടിംഗ് കൺവീനർ സുരേന്ദ്രൻ കൂട്ടായ്, പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, കേളി ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘാടക സമിതി കൺവീനർ സുനിൽകുമാർ നന്ദി പറഞ്ഞു.
ജനുവരി 06, 2023ന് നടത്താൻ നിശ്ചയിട്ടുള്ള ഈ വാർഷിക പരിപാടി റിയാദിലെ പ്രവാസി സമൂഹത്തിന് എന്നും മനസ്സിൽ ഓർത്ത് വെക്കാനുള്ള നവ്യാനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേളി പ്രവർത്തകർ. പൂരക്കളി, ചവിട്ട് നാടകം തുടങ്ങി നിരവധി പരിപാടികൾ ആദ്യമായി റിയാദ് പ്രവാസി സമൂഹത്തിന് കാഴ്ച വെച്ചത് കേളിയുടെ മുൻകാലങ്ങളിലെ വാർഷിക പരിപാടികളാണ്. അത് കൊണ്ട് തന്നെ കേളി വാർഷികത്തെ ഏറെ പ്രതീക്ഷയോടെയാണ് റിയാദിലെ പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്.