ന്യൂഡൽഹി
അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് കരിവാരിത്തേക്കാനുള്ള നീക്കമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. നയതന്ത്രബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാൻസ്ഫർ പെറ്റീഷനുള്ള മറുപടിസത്യവാങ്മൂലത്തിലാണ് ഈകാര്യം ചൂണ്ടിക്കാണിച്ചത്. ഇഡിയുടെ ആശങ്കകൾ ഭാവനാസൃഷ്ടിയാണ്. അന്വേഷണം തടയാൻ സംസ്ഥാനസർക്കാരോ പൊലീസോ ഇടപെട്ടിട്ടില്ല. അന്വേഷണഏജൻസികൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നതാണ് സർക്കാരിന്റെ നയം.
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടിച്ച ഉടനെ മുഖ്യമന്ത്രി കാര്യം വിശദീകരിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ഏജൻസികൂടി പങ്കാളികളായ അന്വേഷണമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി. എൻഐഎ കേസെടുത്തപ്പോൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചും കത്ത് നൽകി. ഈ സാഹചര്യത്തിൽ, ഇഡി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നിലനിൽക്കില്ല. കേരളത്തിൽനിന്ന് കേസ് മാറ്റണമെന്ന ഇഡിയുടെ ആവശ്യം നിയമസംവിധാനത്തിന്റെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് 12 തവണ മൊഴി നൽകിയിട്ടും പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾക്കും മജിസ്ട്രേട്ടിനും മുന്നിൽ ഉന്നയിച്ചത്. ഇത്തരം ആരോപണങ്ങളുടെയും പത്രവാർത്തകളുടെയും അടിസ്ഥാനത്തിൽ വിചാരണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു സ്റ്റാൻഡിങ് കൗൺസൽ സി കെ ശശി വഴി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.