ന്യൂഡൽഹി
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പിന്തുണ പ്രഖ്യാപിച്ചതിൽ കടുത്ത പ്രതിഷേധവുമായി ശശി തരൂർ. കോൺഗ്രസ് ഭാരവാഹികളോ ഔദ്യോഗിക പദവികൾ വഹിക്കുന്നവരോ തെരഞ്ഞെടുപ്പിൽ ആർക്കും പരസ്യപിന്തുണ നൽകരുതെന്ന മാർഗനിർദേശം ആവർത്തിച്ച് ലംഘിക്കപ്പെടുകയാണെന്ന് തരൂർ ഭോപാലിൽ പറഞ്ഞു. ഇതുകാരണം അസമമായ മത്സരാന്തരീക്ഷം ഉണ്ടാകും. പലയിടത്തും പിസിസി അധ്യക്ഷന്മാരും കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കളും ഖാർഗെയെ സ്വീകരിക്കാനും പ്രചാരണം നടത്താനും എത്തുന്നുണ്ടെന്നും തരൂർ പറഞ്ഞു. ഖാർഗെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും ഗെലോട്ട് അഭ്യർഥിച്ചു.