തിരുവനന്തപുരം
കേരള സർവകലാശാലയിൽ അസാധാരണ നടപടിയുമായി വീണ്ടും ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു. നാല് വകുപ്പ് തലവൻമാരും വിവിധ മേഖലയിൽനിന്നുള്ള 11 അംഗങ്ങളും ഉൾപ്പെടെ ചാൻസലർ എന്ന നിലയിൽ നോമിനേറ്റ് ചെയ്ത 15 അംഗങ്ങളെയാണ് പിൻവലിക്കുന്നതെന്ന് വിസി ഡോ. വി പി മഹാദേവൻപിള്ളയെ ഗവർണർ അറിയിച്ചു. പുതിയ വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നവർക്കെതിരെയാണ് പ്രതികാര നടപടി. സെനറ്റിൽ ഗവർണറുടെ നോമിനി 17 പേരാണ്. ഇതിൽ യോഗത്തിൽ പങ്കെടുത്ത രണ്ട് പേർക്കെതിരെ നടപടിയില്ല.
സർവകലാശാല വകുപ്പ് തലവൻമാരായ ഡോ. കെ എസ് ചന്ദ്രശേഖർ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള), ഡോ. കെ ബിന്ദു (സംഗീതം), ഡോ. സി എ ഷൈല (സംസ്കൃതം), ഡോ. ബിനു ജി ഭീംനാഥ്, തിരുവനന്തപുരം ഗവൺമെന്റ് മോഡൽ എച്ച്എസ്എസ് പ്രധാനാധ്യാപകൻ ആർ എസ് സുരേഷ് ബാബു, കോട്ടൺഹിൽ ഗവ. പിപിടിടിഐ പ്രിൻസിപ്പൽ ടി എസ് യമുനാദേവി, കടയ്ക്കൽ കുറ്റിക്കാട് സിപിഎച്ച്എസ്എസ് അധ്യാപകൻ ജി കെ ഹരികുമാർ, വർക്കല പാളയംകുന്ന് ജിഎച്ച്എസ്എസിലെ അധ്യാപകൻ വി അജയകുമാർ, പി എ ഹാരീസ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ക്ക് പി ഹാരീസ്, കയർ ഫ്ളക്സ് എക്സ്പോർട്ട് കമ്പനി ചെയർമാൻ ജോയ് സുകുമാരൻ, കാപിറ്റൽ കളർ പാർക്ക് ഉടമ ജി പത്മകുമാർ, മലയാളം കമ്യൂണിക്കേഷൻസ് ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, അഡ്വ. ജി മുരളീധരൻ പിള്ള, ഡോ. പി അശോകൻ (എസ്പി ഫോർട്ട് ഹോസ്പിറ്റൽ), അഡ്വ. ബി ബാലചന്ദ്രൻ എന്നിവരുടെ അംഗത്വമാണ് പിൻവലിച്ചത്.