തിരുവനന്തപുരം
എ കെ ജി സെന്ററിന് നേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും വനിതാ നേതാവും പ്രതിപ്പട്ടികയിലെത്തിയതോടെ ഗൂഢാലോചനയിൽ ഉന്നത കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് കൂടുതൽ വ്യക്തമാകുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായി കൂടിയാണ് രണ്ടാംപ്രതി സുഹൈൽ ഷാജഹാൻ.
എ കെ ജി സെന്ററിന് നേരെ ആക്രമണമുണ്ടായതിനു പിന്നാലെ തങ്ങൾക്ക് ബന്ധമില്ലെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചിരുന്നു. ഈ വാദം പൊളിക്കുന്ന തെളിവുകളാണ് നിരന്തരം പുറത്തുവന്നത്. ഒടുവിൽ ഒന്നാംപ്രതി യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ അറസ്റ്റിലായപ്പോഴും മയക്കുമരുന്ന് കലർത്തിയ ചോക്ലേറ്റ് നൽകി കുറ്റസമ്മതം നടത്തിച്ചുവെന്നാണ് സുധാകരൻ അവകാശപ്പെട്ടത്. ഈ അവകാശവാദങ്ങളെല്ലാം അസ്ഥാനത്താക്കിയാണ് വ്യക്തമായ തെളിവുകളോടെ സുഹൈൽ ഷാജഹാനും നവ്യയും പ്രതികളായത്.
മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും യൂത്ത്കോൺഗ്രസ് നേതാക്കളുടെയും സന്തത സഹചാരികളാണ് പ്രതിപ്പട്ടികയിലുള്ളവർ. യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിലാണ് ജിതിൻ സ്ഫോടകവസ്തു എറിയാനെത്തിയത്. ജിതിനും സുഹൈലും നടത്തുന്ന ലോഡ്ജുകളിൽവച്ചാണ് ഗൂഢാലോചന നടന്നതെന്ന വിവരം അന്വേഷകസംഘത്തിനുണ്ട്. ഇവിടെ നിത്യസന്ദർശകരായ യുവനേതാക്കളുൾപ്പെടെയുള്ളവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയവും ബലപ്പെടുകയാണ്.
സുഹൈലിന്റെ ‘ബോസ്’
എ കെ ജി സെന്ററിനുനേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ‘ബോസ്’. യാത്രകളിലും സ്വകാര്യ വേളകളിലും സുധാകരനൊരുമിച്ചുള്ള സുഹൈലിന് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിലും പങ്കുണ്ടെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾതന്നെ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിൽ സുധാകരനെ സുഹൈൽ വിശേഷിപ്പിച്ചത് ‘ബോസ്’ എന്നാണ്. വീട്ടിലെ ചടങ്ങുകളിൽ കെപിസിസി പ്രസിഡന്റ് പങ്കെടുത്ത ചിത്രങ്ങളും എഫ്ബിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തുകാരനായ സുഹൈൽ വിവാഹംചെയ്തത് കണ്ണൂരിൽനിന്നാണ്. സ്വർണക്കടത്ത്, റിയൽ എസ്റ്റേറ്റ്, മണൽ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും ആക്ഷേപമുണ്ട്. ഇടയ്ക്കിടെയുള്ള ഇയാളുടെ വിദേശ സന്ദർശനവും സംശയനിഴലിലാണ്. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോയപ്പോൾ പ്രധാന സംഘാടകനായിരുന്നു.
നേരത്തേ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച ദിവസം സുഹൈലും അതേ വിമാനത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ച പ്രതികളുമായും അടുത്തബന്ധമുണ്ട്. സംഭവത്തിൽ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
നവ്യക്ക് ഷാഫി പറമ്പിലുമായി അടുത്തബന്ധം
എ കെ ജി സെന്റർ ആക്രമണക്കേസിലെ പ്രതി ടി നവ്യയ്ക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലുമായും അടുത്തബന്ധം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിൽ ആർഎസ്പിയുടെ പ്രതിനിധിയായാണ് ഇവർ യുഡിഎഫ് സ്ഥാനാർഥിയായത്. അതുവരെ രാഷ്ട്രീയരംഗത്ത് ഇല്ലാതിരുന്ന ഇവർ എ കെ ജി സെന്റർ ആക്രമണക്കേസിലെ ഒന്നാംപ്രതി ജിതിനുമായി അടുത്തതോടെയാണ് യൂത്ത്കോൺഗ്രസിന്റെ സജീവ പ്രവർത്തകയായത്. പിന്നീട് ആഡംബരജീവിതമാണ് നയിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മയക്കുമരുന്ന് മാഫിയയുമായി ജിതിനും നവ്യക്കും ബന്ധമുണ്ടെന്നതിനുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജിതിൻ അറസ്റ്റിലായതോടെ നവ്യ മുങ്ങിയത്. രണ്ടാംപ്രതി സുഹൈലിനൊപ്പം വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.