ഗുരുദാസ് ദാസ് ഗുപ്ത നഗർ ( വിജയവാഡ)> സിപിഐ 24-ാം പാർടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് വിജയവാഡയിൽ പ്രൗഡോജ്വല തുടക്കം. കാട്ര ഗഡ്ഡ പിച്ചയ്യ റോഡിലുള്ള പ്രത്യേകം തയ്യാറാക്കിയ ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (എസ്എസ് കൺവൻഷൻ സെന്റർ) സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യു. മുദ്രാവാക്യങ്ങളാൽ പ്രകമ്പനം കൊണ്ട അന്തരീക്ഷത്തിൽ പത്തരയ്ക്ക് മുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എട്ടുഗുറെയ് കൃഷ്ണമൂർത്തി ദേശീയ പതാകയും മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പാർടി പാതകയും ഉയർത്തി. ഇ നാഗേശ്വര റാവു രക്തസാക്ഷി മണ്ഡപത്തിൽ ജ്വാലതെളിച്ചു.
രാജ്യത്ത് ഉറഞ്ഞുതുള്ളുന്ന മതമൗലീകവാദത്തിനെതിരെയും നവ ഉദാരവൽക്കരണ ശക്തികൾക്കെതിരെയും ജാതി വിവേചനത്തിനെതിരെയും പാർടി സന്ധിയില്ലാത്ത പോരാട്ടം തുടരുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡി രാജ പറഞ്ഞു. ഇസ്രയേൽ ഭീകരതയ്ക്തെിരെ അചഞ്ചല പ്രതിരോധമുയർത്തുന്ന പാലസ്തീൻ ജനതയ്ക്കും പതിറ്റാണ്ടുകളായി അമേരിക്കൻ ഉപരോധത്തോട് പടവെട്ടുന്ന ക്യൂബയ്ക്കും മുതലാളിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ലോകത്തമ്പാടും നടക്കുന്ന ജനാധിപത്യ മുന്നേറ്റങ്ങൾക്കും സിപിഐ പിന്തുണ പ്രഖ്യാപിച്ചു.
ആർഎസ്എസ്- ബിജെപി സർക്കാരിനെതിരെ രാജ്യത്തെ ഇടതുപാർടികളുടെ യോജിച്ചുള്ള മുന്നേറ്റം സാധ്യമാക്കണമെന്നും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി ശ്രമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും രാജ പറഞ്ഞു. പകൽ രണ്ടരയ്ക്ക് ചേർന്ന സെക്ഷനിൽ പ്രവർത്തന റിപ്പോർട്ട്, കരട് രാഷ്ട്രീയ പ്രമേയം , രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട 900 പ്രതിനിധികൾക്ക് പുറമേ 16 വിദേശരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർടികളെ പ്രതിനിധീകരിച്ച് 30 പേരും പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്. 18നാണ് സമാപനം.















