കൊച്ചി > ആഭിചാരക്കൊലയ്ക്ക് ഇരയായ റോസിലിയുടെ സ്വർണവും ഒന്നാംപ്രതി മുഹമ്മദ് ഷാഫി പണയം വച്ചതായി പൊലീസ് കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് സ്വർണം പണയം വച്ചത്. എത്ര പവനാണ് ഇയാൾ പണയം വച്ചതെന്ന കാര്യം പൊലീസ് വ്യക്തമാക്കിയില്ല. റോസിലിയെ ഇലന്തൂരിലെത്തിച്ച് കൊന്നശേഷമാണ് ശരീരത്തിൽനിന്ന് ഷാഫി സ്വർണാഭരണങ്ങൾ ഊരിമാറ്റിയത്.
കൊല്ലപ്പെട്ട പത്മയുടെ നാലരപ്പവൻ ചിറ്റൂർ റോഡിലെ സ്ഥാപനത്തിൽ പണയം വച്ച് 1,10,000 രൂപ ഷാഫി വാങ്ങിയതിന്റെ രേഖകൾ ഗാന്ധിനഗറിലെ വീട്ടിൽനിന്ന് പൊലീസ് വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഷാഫിയുടെ ബാങ്ക് രേഖകളും വാഹനരേഖയും ഇവിടെനിന്ന് കണ്ടെടുത്തു. സ്കോർപിയോ കൂടാതെ ഷാഫി ഒരു ജീപ്പ് ഉപയോഗിച്ചിരുന്നു. ഇത് ഷാഫിയുടെ പേരിലുള്ളതല്ല. ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനും ശ്രമം തുടങ്ങി. ഭഗവൽസിങ്ങുമായി ഷാഫി ചാറ്റ് ചെയ്യാൻ ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫെയ്സ്ബുക് ഐഡിയുടെയും ചാറ്റിന്റെയും വിശദാംശങ്ങൾ ലഭിക്കാൻ പൊലീസ് ഫെയ്സ്ബുക്കിന് ഔദ്യോഗികമായി ഇ – -മെയിൽ അയച്ചു.















