ന്യൂഡൽഹി> 90 ശതമാനം ഭിന്നശേഷി നേരിടുന്ന തന്നെ വീട്ടുതടങ്കലിൽ എങ്കിലും കഴിയാൻ അനുവദിക്കണമെന്ന പ്രൊഫ. ജി എന് സായ്ബാബയുടെ ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല. ‘എന്റെ കക്ഷി വീൽചെയറിലാണ്. പ്രാഥമിക കൃത്യങ്ങൾ നിറവേറ്റാൻ സഹായിക്കാൻ പോലും പരിശീലനം കിട്ടിയ ഒരാളില്ലാത്ത അവസ്ഥയാണ്. ഇപ്പോൾ സഹതടവുകാരാണ് സഹായിക്കുന്നത്. ആവശ്യമുള്ള സഹായം കിട്ടാത്തത് ആരോഗ്യനില കൂടുതൽ വഷളാക്കുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’– പ്രൊഫ. സായ്ബാബയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് കോടതിയെ അറിയിച്ചു.
എന്നാൽ, മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്ത ഈ ആവശ്യത്തെ അതിശക്തമായി എതിർത്തു. വീട്ടുതടങ്കലിലാക്കണമെന്നത് നഗര നക്സലുകളുടെ പതിവുപല്ലവിയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഈ കാലത്ത് വീട്ടിലിരുന്നും ഇക്കൂട്ടർക്ക് ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യനില തീർത്തും മോശമായ 55 വയസുകാരനെന്ന മാനുഷികപരിഗണനയെങ്കിലും നൽകണമെന്ന് ആർ ബസന്ത് വീണ്ടും അപേക്ഷിച്ചു.
‘എന്റെ കക്ഷി ഡൽഹി സർവ്വകലാശാലയിലെ പ്രൊഫസറാണ്. 90 ശതമാനം ഭിന്നശേഷി നേരിടുകയാണ്. ഇപ്പോൾ മുഴുവൻസമയവും വീൽചെയറിലാണ്. ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ലാത്ത ആളാണ്. ഏതെങ്കിലും തത്ത്വശാസ്ത്രവുമായ അനുഭാവമുണ്ടായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കുന്ന ഒരു രേഖയുമില്ല’– ബസന്ത് വീണ്ടും വാദിച്ചു. എന്നാൽ, പ്രൊഫ. സായിബാബയാണ് എല്ലാത്തിന്റെയും മസ്തിഷ്കമെന്ന് തുഷാർ മെഹ്ത ആരോപിച്ചു.
ഭീകരപ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം മസ്തിഷ്കമാണ് പ്രധാനപ്രശ്നമെന്ന് ജസ്റ്റിസ് എം ആർ ഷാ വാക്കാൽ നിരീക്ഷിച്ചു. ഈ കേസിലെ കാര്യമല്ല, പൊതുവായ നിരീക്ഷണമാണ് നടത്തിയതെന്ന് ജഡ്ജി കൂട്ടിച്ചേർത്തു. വീട്ടുതടങ്കലിൽ വിടണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷ നൽകാൻ സായ്ബാബയോട് കോടതി നിർദേശിച്ചു. നിലവിൽ, നാഗ്പുർ സെൻട്രൽ ജയിലിലാണ് പ്രൊഫ. സായ്ബാബ.















