ഷാർജ> മലയാള മിഷൻ പ്രവർത്തനങ്ങൾ ഷാർജ മേഖലയിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ പുതിയ ചാപ്റ്റർ നിലവിൽ വന്നു. ചാപ്റ്ററിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും മലയാള മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു.
ഷാർജയിലെ പ്രവർത്തനങ്ങൾ നയിക്കുന്നതിന് പുതിയ ഭരണസമിതി നിലവിൽ വന്നു. ചെയർമാൻ അഡ്വ. വൈ എ റഹീം, പ്രസിഡണ്ട് ശ്രീകുമാരി ആൻറണി, വൈ. പ്രസി. വേണു അടൂർ സെക്രട്ടറി രാജേഷ് നിട്ടൂർ, ജോ. സെ. അജിത് കുമാർ എ . വി, കൺവീനർ അനിൽ അമ്പാട്ട്, ജോ. കൺ. സുബീർ എന്നിവരെ കൂടാതെ 16 അംഗ ജനറൽ കൗൺസിലും അടങ്ങുന്നതാണ് പുതിയ ഭരണസമിതി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ, വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുള്ള കുട്ടികൾ, അധ്യാപകർ എന്നിവർ പങ്കാളികളായി.
മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. വിവിധ മത്സരങ്ങളിൽ വിജയികളായ ഷാർജ മേഖലയിൽ നിന്നുള്ള കുട്ടികൾക്കുള്ള മൊമെന്റോ, അധ്യാപകർക്കുള്ള മലയാളം മിഷൻ ഐഡി കാർഡ്, കണിക്കൊന്ന പഠനോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ അദ്ദേഹം കൈമാറി. പുതുതായി മലയാളം മിഷൻ ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രവേശനോത്സവവും ഇതോടനുബന്ധിച്ചു നടന്നു.
സെക്രട്ടറി രാജേഷ് നെട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ അഡ്വക്കേറ്റ് വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ശ്രീകുമാരി ആൻറണി ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മലയാളം മിഷൻ യുഎഇ കോഡിനേറ്റർ കെ. എല്. ഗോപി , ചാപ്റ്റർ രക്ഷാധികാരിയും ലോകകേരള സഭാംഗവുമായ ആർ.പി. മുരളി, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ ടി. വി. എന്നിവർ സംസാരിച്ചു.















