ന്യൂഡൽഹി> ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12ന് നടത്തുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷൻ രാജീവ് കുമാർ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 8ന് നടക്കും. 68 സീറ്റാണ് ഹിമാചൽ പ്രദേശ് നിയമസഭയിലുള്ളത്.
കോവിഡ് ഭീഷണി വലിയ തോതിൽ നിലവിലില്ലെന്നും എന്നാലും ജാഗ്രത അനിവാര്യമാണെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. മാർഗനിർദേശങ്ങൾ അതനുസരിച്ച് പുതുക്കും. 80 വയസുകഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും വീടുകളിൽ വോട്ട് ചെയ്യാം. സ്ഥാനാർഥികളുടെ വിവരങ്ങൾ മൊബെെൽ ആപ്പിൽ ലഭ്യമാകും.
വർഷത്തിൽ നാലുതവണ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലവിൽ ഒരുതവണയാണ് ചേർക്കാൻ കഴിഞ്ഞിരുന്നത്.
അതേസമയം ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.