കൊച്ചി> ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്സ് ആപ്പിലൂടെ ഭീഷണിസന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. കേസിലെ പ്രധാനസാക്ഷിയ്ക്കാണ് സന്ദേശമയച്ചത്.’ പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും’ – സന്ദേശത്തില്‍ പറയുന്നു
‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും’- ഇന്നലെ പുലര്‍ച്ചെ 2.20 ന് സന്ദേശമയച്ചത്.
അതേസമയം, യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായാണ് ക്രൈബ്രാഞ്ച് സംഘം മുന്നോട്ട് പോകുന്നത്. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവര്‍ഷം തടവുശിക്ഷ വരെ എല്‍ദോസിന് ലഭിക്കാം. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.